| Wednesday, 24th July 2024, 9:12 am

ഏഷ്യാ കപ്പ് ചരിത്രത്തില്‍ മൂന്നാമത്; ഇന്ത്യയുടെ തുറുപ്പുചീട്ട് മിന്നും റെക്കോഡില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ഏഷ്യാ കപ്പില്‍ നേപ്പാളിനെ 83 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ എത്തിയിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ഷെഫാലി വര്‍മയുടെയും ഡി. ഹേമലതയുയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 48 പന്തില്‍ 81 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഷെഫാലിയുടെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കരിയറില്‍ തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് താരം സ്വന്തമാത്തിയത്. ഈ ലിസ്റ്റില്‍ ഒന്നാമത് ഉള്ളത് ശ്രീലങ്കയുടെ ചമാരി അത്തപ്പത്തുവാണ്. 2024 ഏഷ്യ കപ്പില്‍ മലേഷ്യയ്ക്ക് എതിരെ 119* റണ്‍സ് നേടിയാണ് താരം ഈ ലിസ്റ്റില്‍ മുന്നില്‍ എത്തിയത്.

വുമണ്‍സ് ഏഷ്യാകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം (രാജ്യം), സ്‌കോര്‍, എതിരാളി, വര്‍ഷം

ചമാരി അത്തപ്പത്തു (ശ്രീലങ്ക) – 119* – മലേഷ്യ – 2024

മിതാലി രാജ് (ഇന്ത്യ) – 97* – മലേഷ്യ – 2018

ഷെഫാലി വര്‍മ ഇന്ത്യ (ഇന്ത്യ) – 81 – നേപ്പാള്‍ – 2024

ഹര്‍ഷിത സമരവിക്രമ (ശ്രീലങ്ക) – 81 തായിവാന്‍ – 2022

സെഞ്ച്വറിക്ക് അടുത്ത് എത്തിയിരുന്നെങ്കിലും സീത റാണ മഗര്‍ എറിഞ്ഞ പന്തില്‍ ഔട്ട് ചെയ്ത് ബിഗ് ഹിറ്റ് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ കാജല്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.

ഷെഫലിക്കു പുറമേ ഹേമലത 42 പന്തില്‍ 47 റണ്‍സും നേടി. അഞ്ച് ഫോറുകളും ഒരു സിക്സും ആണ് താരം അടിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേപ്പാളിനു മുന്നില്‍ ഉയര്‍ത്തിയത്.
മലയാളി താരം സജന സജീവന്‍ 12 പന്തില്‍ 10 റണ്‍സ് നേടിയാണ് കളം വിട്ടത്. കബിത ജോഷിയുടെ എല്‍.ബി.ഡബ്ല്യുയുവില്‍ കുടുങ്ങുകയായിരുന്നു താരം.

നേപ്പാള്‍ ബൗളിങ്ങില്‍ സീതാ റാണ മഗര്‍ രണ്ടു വിക്കറ്റും കബിത ജോഷി ഒരു വിക്കറ്റും നേടി നിര്‍ണായകമായി. ഇന്ത്യന്‍ ബൗളിങ്ങില്‍ ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും രാധാ യാദവ്, അരുന്ധതി റെഡ്ഡി എന്നിവര്‍ രണ്ടു വീതം വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ നേപ്പാള്‍ ബാറ്റിങ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഇന്ത്യക്ക് സാധിച്ചു. മറുഭാഗത്ത് മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ടു തോല്‍വിയും അടക്കം രണ്ടു പോയിന്റോടെ മൂന്നാം സ്ഥാനക്കാരായാണ് നേപ്പാള്‍ ഫിനിഷ് ചെയ്തത്.

Content Highlight: Shefali Varma In Record Achievement

We use cookies to give you the best possible experience. Learn more