| Friday, 30th December 2022, 5:03 pm

'തുനിഷയെ ഷീസാന്‍ ഖാന്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചു, മതം മാറ്റാന്‍ ശ്രമിച്ചു'; പുതിയ ആരോപണങ്ങളുമായി നടിയുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആത്മഹത്യ ചെയ്ത സീരിയല്‍ നടി തുനിഷ ശര്‍മയെ കാമുകന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന ആരോപണവുമായി നടിയുടെ അമ്മ. കേസില്‍ അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അമ്മ വനിത ശര്‍മ ആരോപിച്ചു.

ഷീസാന്‍ ഖാന്‍ സീരിയല്‍ സെറ്റില്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു. നടനുമായുള്ള ബന്ധം തുടങ്ങിയതിന് പിന്നാലെ മകളില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നു. ഇസ്‌ലാം മതം അനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും ഷീസാന്‍ നിര്‍ബന്ധിച്ചു, തുടങ്ങിയ പുതിയ ആരോപണങ്ങളുമായാണ് തുനിഷയുടെ അമ്മ രംഗത്തെത്തിയത്.

മറ്റൊരു യുവതിയുമായി ഷീസാന് ബന്ധമുണ്ടെന്ന് തുനിഷ കണ്ടെത്തിയെന്നും, ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷീസാന്‍ മകളുടെ മുഖത്തടിച്ചുവെന്നും ആത്മഹത്യ ചെയ്യുന്ന അന്നും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും നടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഷീസാന്‍ ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ് പതിനഞ്ചാം നാള്‍ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയല്‍ സെറ്റില്‍ വച്ച് തുനിഷ ആത്മഹത്യ ചെയ്യുന്നത്. നടിയുടെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഷീസാന്‍ ഖാനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷീസാന്‍ ഖാനെതിരെ ഐ.പി.സി 306 പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, പരാതിയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ആരോപണങ്ങളുമായാണ് നടിയുടെ അമ്മ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

നടനുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിക്കപ്പെട്ട യുവതി കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. തുനിഷയുടേയും ഷീസാന്റെയും ഫോണ്‍ ആപ്പിള്‍ കമ്പനി ജീവനക്കാരെത്തി ലോക്ക് തുറന്ന് നല്‍കിയിരുന്നു. ഇതിലെ ചാറ്റുകളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം, തുനിഷ ശര്‍മയുടെ ആത്മഹത്യ ലവ് ജിഹാദാണെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ രാം കദവും രംഗത്തെത്തിയിരുന്നു. തുനിഷയുടെ കേസ് സമഗ്രമായി അന്വേഷിക്കും, എല്ലാ വശങ്ങളും പരിശോധിക്കും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും തുനിഷ ശര്‍മ്മയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നും രാം കദം പറഞ്ഞിരുന്നു

‘ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? അന്വേഷണത്തില്‍ സത്യം പുറത്തുവരും. ഇത് ലൗ ജിഹാദാണെങ്കില്‍ തുനിഷ ശര്‍മയുടെ കുടുംബത്തിന് 100 ശതമാനം നീതി ലഭിക്കും. അതിന് പിന്നില്‍ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവര്‍ ആരാണെന്നും പൊലീസ് അന്വേഷിക്കുമെന്നും,’ രാം കദം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 24 നാണ് ഇരുപതുകാരിയായ തുനിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘അലിബാബ ദസ്താന്‍ ഇ കാബൂള്‍’ എന്ന ടി.വി ഷോയുടെ സെറ്റിലെ മേക്കപ്പ് റൂമില്‍ വെച്ചാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിക്കുന്നതിന് തൊട്ട് മുമ്പ് സെറ്റില്‍ നിന്നുളള ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഭാരത് കാ വീര്‍ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തുന്നത്. ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ-പഞ്ചാബ്: മഹാരാജാ രഞ്ജിത് സിങ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകള്‍.

പരമ്പരകള്‍ക്ക് പുറമേ ഏതാനും ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീനാ കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂര്‍, കഹാനി 2, ദബാങ് 3 എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Content Highlight: ‘Sheezan Khan forces Tunisha to wear hijab, tries to convert’; Actress’s mother Vanitha Sharma with new allegations

We use cookies to give you the best possible experience. Learn more