കോഴിക്കോട്: ഇത് രണ്ടാം വിവാഹമല്ലെന്നും വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും ഷീന ഷുക്കൂര്‍. സംഭവത്തില്‍ നല്ല പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും ഒരുപാട് സ്ത്രീകള്‍ സ്‌പെഷ്യല്‍ മാരേജ് ആക്ടിനെക്കുറിച്ച് ചോദിച്ച് വിളിക്കുന്നുണ്ടെന്നും ഷീന റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.
‘ ഇതൊരിക്കലും രണ്ടാം വിവാഹമല്ല. വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്തതാണ്. ഒരുപാട് സ്ത്രീകള്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് വഴി രണ്ടാമതും വിവാഹം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് വിളിക്കുന്നുണ്ട്. നിലവില്‍ നിക്കാഹ് കഴിച്ചാല്‍ മുസ്‌ലിം നിയമത്തില്‍ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ ചില പ്രോസസുകളുണ്ട്.
മൊഴി ചൊല്ലല്‍, ഇടക്കല്യാണം അതൊക്കെ കഴിഞ്ഞേ വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കൂ. ശരിക്കും ഇവിടെ നടന്നിരിക്കുന്നത് സെഷന്‍ 15 സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള് വിവാഹം രജിസ്റ്റര്‍ ചെയ്യലാണ്.
ആ വകുപ്പില്‍ ഏതെങ്കിലും മതപ്രകാരം വിവാഹം നടന്നാലും വീണ്ടും രജിസ്റ്റര്‍ ചെയ്യാം. അങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 21ാം വകുപ്പനുസരിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കും,’ ഷീന ഷുക്കൂര്‍ പറഞ്ഞു.
സംശയങ്ങളുള്ളവരോട് അതൊക്കെ ദൂരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ടുന്ന അതേ അവകാശം ഉണ്ടാകണമെന്നതു കൊണ്ടാണ് വീണ്ടും വിവാഹം കഴിച്ചതെന്നും അവര്‍ പറഞ്ഞു.