| Friday, 14th June 2024, 5:30 pm

ഷീന ബോറ വധക്കേസിലെ സുപ്രധാന തെളിവ് കാണാതായതായി പ്രോസിക്യൂഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷീന ബോറ വധക്കേസിലെ സുപ്രധാന തെളിവ് കാണാതായെന്ന് പ്രോസിക്യൂഷൻ. ഷീന ബോറയുടെ ശരീര ഭാഗങ്ങളെന്ന് സി.ബി.ഐ അവകാശപ്പെട്ടിരുന്ന തെളിവുകളാണ് കാണാതായതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ഫോറൻസിക് പരിശോധനക്ക് ആവശ്യമായ നിർണായക തെളിവുകളാണ് നഷ്ടപെട്ടത്.

2012-ൽ പോലീസ് കണ്ടെടുത്ത അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളാണ് കാണാതായത്. പല തരത്തിൽ അന്വേഷിച്ചിട്ടും അസ്ഥികൾ കണ്ടെത്താനായില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സി.ജെ നന്ദോഡ് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയെ അറിയിച്ചു. അസ്ഥികൾ കണ്ടത്തുന്നതിനായി പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.

2012ൽ പൊലീസ് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ പരിശോധനയ്ക്കായി ജെ.ജെ ആശുപത്രിയിലേക്ക് അയച്ചിരുന്നു. ഫോറൻസിക് വിദഗ്ധൻ ഡോ. സീബ ഖാൻ്റെ നേതൃത്വത്തിലാണ് അസ്ഥികളുടെ പരിശോധന നടത്തി മനുഷ്യന്റെ അസ്ഥികളാണെന്ന് സ്ഥിരീകരിച്ചത്. കേസിലെ നിർണായക തെളിവായിരുന്നു ഈ അസ്ഥികൾ.

2015-ൽ ഡിസ്പോസൽ സൈറ്റിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു.  കണ്ടെത്തിയ ശരീരഭാഗങ്ങൾ അതേ വ്യക്തിയുടെ ശരീരഭാഗങ്ങൾ ആണോ എന്ന് സ്ഥിരീകരിക്കാനും ലിംഗഭേദം, പ്രായം, മരണകാരണം എന്നിവ കണ്ടെത്താനും കൂടുതൽ പരിശോധനയ്ക്കായി ദൽഹിയിലെ എയിംസിലേക്ക് അയച്ചു.

രണ്ട് പ്രാവശ്യമായി ലഭിച്ച ശരീരഭാഗങ്ങളും ഷീന ബോറയുടേതാണെന്നാണ് സി.ബി.ഐ പറഞ്ഞത്. എന്നാൽ ഇന്ദ്രാണി മുഖർജിയുടെ അഭിഭാഷകൻ രഞ്ജീത് സാംഗ്ലെ ഈ വാദത്തെ എതിർക്കുകയും 2012-ലെയും 2015-ലെയും അവശിഷ്ടങ്ങൾ ഒരേ വ്യക്തിയുടേതല്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു.

2012ൽ മുംബൈ മെട്രോയിൽ ജോലി ചെയ്തിരുന്ന ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് മൃതദേഹം പെൻ ഗ്രാമത്തിലേക്ക് കൊണ്ടുപോയി കത്തിച്ചുവെന്നാണ് സി.ബി.ഐ പറയുന്നത്.

Content Highlight: Sheena Bora murder: Skeletal remains recovered by cops not traceable, court told

We use cookies to give you the best possible experience. Learn more