മുംബൈ: ഷീന ബോറ വധക്കേസ് സി.ബി.ഐക്കു വിടാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. കേസിന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥനായിരുന്ന രാകേഷ് മരിയയെ ചുമതലയില്‍ നിന്നും മാറ്റിയശേഷം കേസില്‍ കാര്യമായ മുന്നോട്ടുപോക്ക് നടക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അഡീഷണല്‍ ചീഫ്് സെക്രട്ടറി കെ.പി. ബക്ഷിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
ഷീന ബോറ കേസ്, കൊലപാതകം മാത്രമായി അന്വേഷിക്കേണ്ടതെല്ലെന്നും കേസില്‍ സാമ്പത്തിക ക്രമക്കേടിന്റെ നൂലാമാലകളും കൂടിയുള്ളതിനാല്‍ സി.ബിഐക്ക് വിടുന്നുഎന്നുമാണ് ഔദ്യോഗിക വിശദീകരണം. അതേസമയം കേസില്‍ ഇടപെടാന്‍ ശ്രമിക്കുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് അസ്വസ്ഥതയുണ്ടാക്കുന്നതായും ബക്ഷി പത്രസമ്മേളനത്തില്‍ പറഞ്ഞു. “ഈയിടെ കേസിന്റെ ചുമതലയുണ്ടായിരുന്ന മുംബൈ പോലീസ് കമ്മീഷണറെ (രാകേഷ് മരിയ) ഉന്നതസ്ഥാനം നല്‍കി മാറ്റുകയും പകരം അന്വേഷണച്ചുമതല പുതിയ ഓഫീസര്‍ക്ക് (അഹമദ് ജാവേദ്) നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ഷീന ബോറ കേസ് പ്രശ്‌മൊന്നും കൂടാതെ മുന്നോട്ടു പോകുന്നുണ്ട്. മാധ്യമങ്ങളിലെ ഒരു വിഭാഗം ഇക്കാര്യങ്ങളെയെല്ലാം ഒന്നിച്ചുചേര്‍ത്തുവച്ച് കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റം നല്‍കിയതെന്ന് വരുത്തിത്തീര്‍ത്തിരിക്കുകയാണ” ബക്ഷി കുറ്റപ്പെടുത്തി.
കേസില്‍ ഗവണ്‍മെന്റിന് പ്രത്യേക താല്പര്യങ്ങളൊന്നുമില്ല. സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിയോലോചിച്ചെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കേസിനെപ്പറ്റി കേന്ദ്രഗവണ്‍മെന്റുമായും സി.ബി.ഐയുമായും തങ്ങള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. തങ്ങളാലാകും വിധമെല്ലാം സി.ബി.ഐയെ സഹായിക്കാനൊരുക്കമാണെന്നും ബക്ഷി പറഞ്ഞു.
2012 ഏപ്രില്‍ 24ന് ഷീനയെ കൊലപ്പെടുത്തുകയും മൃതദേഹം മഹാരാഷ്ട്രയിലെ റെയ്ഗാദ് ജില്ലയിവലുള്ള വനത്തില്‍ വച്ച് കത്തിച്ചുകളയുകയും ചെയ്തു എന്നാണ് കേസ്. കേസില്‍ ഷീനയുടെ മാതാവ് ഇന്ദ്രാണ് മുഖര്‍ജി, മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രാകേഷ് മരിയ തന്നെ നേരിട്ട് ചോദ്യം ചെയ്യുകയായിരുന്നു. ഇവരിപ്പോള്‍ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
അന്വേഷണത്തിന് നേതൃത്വം നല്‍കിയ കമ്മീഷണര്‍ രാകേഷ് മരിയയെ ഹോം ഗാര്‍ഡ് വകുപ്പിന്റെ തലപ്പത്തക്കു മാറ്റി പകരം ഓഫീസര്‍ അഹമദ് ജാവേദിനെ നിയമിച്ചത് വിവാദമായിരുന്നു. അതേസമയം കേസന്വേഷണത്തില്‍ തുടര്‍ന്നും മരിയയുടെ മേല്‍നോട്ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.