മുംബൈ: ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ മൂന്നാം ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒയുമായ പീറ്റര്‍ മുഖര്‍ജി അറസ്റ്റില്‍. ഷീന ബോറ വധക്കേസില്‍ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്.
“ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ പീറ്റര്‍മുഖര്‍ജിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.” സി.ബി.ഐ വക്താവ് പറഞ്ഞു.
പീറ്ററിനേയും ഷീന ബോറയുടെ കാമുകനായ മകന്‍ രാഹുലിനെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. ഇതിനുശേഷമാണ് പീറ്ററിനെ അറസ്റ്റു ചെയ്തത്. ഷീന ബോറയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് പീറ്റര്‍ കഴിഞ്ഞദിവസം മറുപടി പറഞ്ഞില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും സി.ബി.ഐ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ് മൂന്നുദിവസമായി പീറ്ററിനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി 7.40 ഓടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അദ്ദേഹത്തെ വെള്ളിയാഴ്ച പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.
ഇന്ദ്രാണി മുഖര്‍ജി, രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
150ഓളം സാക്ഷികളെയും ഇരുനൂറോളം രേഖകളും സഹിതം ആയിരം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2012 ഏപ്രിലിലാണ് ഷീന ബോറയെ ഇന്ദ്രാണി മുഖര്‍ജിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി റായ്ഗഡിലെ വനത്തില്‍ മൃതദേഹം കുഴിച്ചിട്ടത്.
തോക്ക് കൈവശം വച്ച കേസില്‍ ശ്യാംവര്‍ റായ് അറസ്റ്റിലായതോടെയാണ് ഷീന ബോറ വധക്കേസ് വെളിച്ചത്തുവന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ദ്രാണി മുഖര്‍ജിയും സഞ്ജീവ് ഖന്നയും ശ്യാംവര്‍ റായിയും അറസ്റ്റിലായി.
ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറ, അവരുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകനുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് രണ്ടാം ഭര്‍ത്താവായ സഞ്ജീവിനൊപ്പം ചേര്‍ന്ന് ഷീനയെ കൊലപ്പെടുത്തിയെന്നാണ് കേസ്.