നടിയും നിര്‍മാതാവുമായ ഷീലു എബ്രഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റിനെപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച. മലയാളത്തിലെ ഓണം റിലീസുകളായി തിയേറ്ററുകളിലെത്തുന്ന കിഷ്കിന്ധ കാണ്ഡം, അജയന്റെ രണ്ടാം മോഷണം, കൊണ്ടല്‍ എന്നീ സിനിമകളെ പരസ്പരം പ്രൊമോട്ട് ചെയ്യുന്ന വീഡിയോ ടൊവിനോയും പെപ്പെയും, ആസിഫും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിരുന്നു.
മലയാളസിനിമയില്‍ യുവതാരങ്ങള്‍ തമ്മിലുള്ള സൗഹൃദം ഈ വീഡിയോക്ക് പിന്നാലെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെയാണ് ഷീലു എബ്രഹാം രംഗത്തെത്തിയത്. ഷീലു എബ്രഹം നിര്‍മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ്, നവാഗതനായ ഷെബി സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നീ സിനിമകളും ഓണം റിലീസായ തിയേറ്ററുകളിലെത്തുന്നുണ്ട്. ഈ സിനിമകളെ ആസിഫും ടൊവിനോയും പെപ്പെയും അവഗണിച്ചതിനെതിരെയാണ് ഷീലു പ്രതികരിച്ചത്.
സിനിമയിലെ പവര്‍ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഷീലു പോസ്റ്റ് പങ്കുവെച്ചത്. നിങ്ങളുടെ സിനിമകള്‍ മാത്രമാണ് തിയേറ്ററുകളിലെത്തുന്നത് എന്ന തെറ്റിദ്ധാരണയാണ് വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചതെന്നും സിനിമയിലെ പവര്ഗ്രൂപ്പുകളെക്കാള് പവര്‍ഫുളാണ് പ്രേക്ഷകരെന്ന് കാണിച്ചു തരുമെന്നും പോസ്റ്റില്‍ കുറിച്ചു. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം.
‘പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ , ”പവര്‍ ഗ്രൂപ്പുകള്‍ ‘പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വീഡിയോയില്‍ നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്… എന്നാല്‍ ഞങ്ങളുടെ ബാഡ് ബോയ്സും പിന്നെ കുമ്മാട്ടിക്കളിയും , ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങള്‍ നിര്‍ദാക്ഷിണ്യം തഴഞ്ഞു.
ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാര്‍ത്ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകര്‍ ..! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ,’
Content Highlight: Sheelu Abraham’s post against Tovino Asif and Antony Varghese gone viral