| Thursday, 5th October 2023, 5:06 pm

ഞാന്‍ അഭിനയിച്ചേക്കാം, ആളുകള്‍ക്ക് നെഗറ്റീവ് പറയാന്‍ ഒരു ചാന്‍സ് കൊടുക്കണ്ടേ: ഷീലു എബ്രഹാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അബാം മൂവീസ് നിർമിക്കുന്ന പുതിയ സിനിമയിൽ അഭിനയിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ഷീലു എബ്രഹാം. സിനിമയിലെ കഥാപാത്രം തനിക്ക് ഇഷ്ടമാവാത്തതുകൊണ്ടാണ് അഭിനയിക്കാത്തതെന്നും ഷൂട്ട് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വേണമെങ്കിൽ ഇപ്പോൾ അഭിനയിക്കാൻ കഴിയുമെന്നും താരം പറഞ്ഞു. തന്റെ ഭർത്താവ് നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുന്നതിന് നെഗറ്റീവ് കമന്റ് ഇടുന്നവരെക്കുറിച്ച് തനിക്കറിയില്ലെന്നും അതൊന്നും ചികഞ്ഞു നോക്കാറില്ലെന്നും ഷീലു പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷീലു എബ്രഹാം.

‘ബോബൻ സാമുവൽ ഡയറക്റ്റ് ചെയ്യുന്ന സൗബിനും നമിത പ്രമോദും അഭിനയിക്കുന്ന സിനിമയാണ്. അതിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. അതിൽ ഞാൻ അഭിനയിക്കുന്നില്ല. നെഗറ്റീവ് കമൻസ് വരുന്നതൊന്നും എന്നെ ബാധിക്കാറില്ല. അതുകൊണ്ട് അഭിനയിക്കാത്തത് ആണെന്നാണോ തോന്നിയത്?

അങ്ങനെ കമന്റ്സ് വരുന്നുണ്ടെങ്കിൽ അഭിനയിച്ചേക്കാം. ഷൂട്ട് ഇത് വരെ കഴിഞ്ഞിട്ടില്ല. അതിലൊരു കഥാപാത്രം ഉണ്ട് വേണമെങ്കിൽ ചെയ്തേക്കാം. ആളുകൾക്ക് നെഗറ്റീവ് പറയാൻ വേണ്ടി ഒരു ചാൻസ് കൊടുത്തേക്കാം.

അതിൽ എനിക്ക് ചെയ്യാൻ പറ്റിയ ക്യാരക്ടർ ഉണ്ട്. കുറെയൊക്കെ അഭിനയിച്ചു. പിന്നെ എനിക്ക് ആ കഥാപാത്രത്തോട് അത്ര താത്പര്യം തോന്നിയില്ല. പ്രൊഡക്ഷൻ സൈഡിൽ നിന്നിട്ട് ഒന്ന് ശ്രദ്ധിക്കാം എന്ന് കരുതി മാറി നിന്നു എന്നേയുള്ളൂ. അല്ലാതെ എന്നെ പറ്റി ആളുകൾ നെഗറ്റീവ് പറയുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത് നിങ്ങൾ പറഞ്ഞപ്പോഴാണ്.


അങ്ങനെ ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കാറില്ല. ഒരു സിനിമ ഇറങ്ങുമ്പോൾ എല്ലാവരെയും പറ്റി നെഗറ്റീവ് പറയുന്നത് കേൾക്കാറുണ്ട്. അപ്പോൾ എന്നെപ്പറ്റി എന്താണെന്ന് നെഗറ്റീവ് പറയുന്നതെന്ന് ചികഞ്ഞു നോക്കാറില്ല. അത് നോക്കാൻ പോയിക്കഴിഞ്ഞാൽ നമുക്ക് ലൈഫിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.

ഞാനിപ്പോൾ ഈ ലുക്കിൽ ഇരിക്കുന്നതിന് പോലും, ഈ ഹെയർ കെട്ടിയേക്കുന്നതിനു പോലും നെഗറ്റീവ് പറയുന്നവർ ആയിരിക്കും. അതുകൊണ്ട് അതിനെപ്പറ്റി ഒന്നും ഞാൻ ബോതേഡ് അല്ല. ആദ്യമൊക്കെ ചിന്തിച്ചിരുന്നു.

ഞാനൊരു പ്രത്യേക തിങ്കിങ് ഉള്ള ഒരാളാണ്. എനിക്കെന്താണോ ഫീൽ ചെയ്യുന്നത് അതാണ് ഞാൻ ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കാത്ത രീതിയിൽ എനിക്ക് തോന്നിയ കാര്യങ്ങൾ ഞാൻ സംസാരിക്കുന്നു. എനിക്ക് ആ കഥാപാത്രം ചെയ്യാൻ തോന്നിയില്ല. ഞാൻ ചെയ്തില്ല അത്രയേ ഉള്ളൂ. അതിപ്പോൾ വേറൊരാൾ ചെയ്തുകൊണ്ടിരിക്കുന്ന ക്യാരക്ടറാണ്,’ ഷീലു എബ്രഹാം പറഞ്ഞു.

Content Highlight:  Sheelu Abraham is talking about not acting in the new film produced by Abam Movies

We use cookies to give you the best possible experience. Learn more