കമല്‍ ഹാസന്‍ നായകനായ വാഴ് വേ മായം റീമേക്ക് ചെയ്യുകയാണെങ്കില്‍ അതില്‍ നായകനാവാന്‍ ഏറ്റവും അനുയോജ്യന്‍ മമ്മൂട്ടിയാണെന്ന് നടി ഷീല. ഇന്നത്തെ കാലത്തിനനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വേണമെന്നും മമ്മൂട്ടി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും ഷീല പറഞ്ഞു. അനുഭവങ്ങള്‍ പാളിച്ചകള്‍, കാപാലിക പോലെയുള്ള സിനിമകള്‍ എടുക്കാന്‍ ഇന്നത്തെ തലമുറയിലെ ആളുകള്‍ക്ക് ഭയമാണെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറഞ്ഞു.
തന്റെ പഴയ ചിത്രങ്ങള്‍ റീമേക്ക് ചെയ്താല്‍ ഇന്നത്തെ നടിമാരില്‍ ആര് അഭിനയിക്കാനായിരിക്കും ആഗ്രഹിക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷീല.
‘അതിനെ പറ്റിയൊന്നും ഇതുവരെ ആലോചിച്ചിട്ടില്ല. മമ്മൂട്ടിക്ക് പറ്റിയ ഒരു കഥയുണ്ട്, വാഴ്‌വേ മായം. മമ്മൂട്ടി അഭിനയിച്ചാല്‍ നന്നായിരിക്കാം. മമ്മൂട്ടി വേണം അഭിനയിക്കാന്‍. അത് നല്ലൊരു കഥയാണ്. ഇന്നത്തെ കാലത്തിനനുസരിച്ച് കുറച്ചൊക്കെ മാറ്റിയെടുക്കണം. വാഴ്‌വേ മായം നല്ലൊരു പടമാണ്.
പിന്നെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നൊരു പടമുണ്ട്. ഇപ്പോഴത്തെ ജനറേഷനിലുള്ളവര്‍ക്ക് എടുക്കാന്‍ ധൈര്യമില്ലാത്ത പടങ്ങളാണ് അതൊക്കെ. അതുപോലെ കാപാലിക. ഇന്ന് ഏതെങ്കിലും പ്രൊഡ്യൂസര്‍ ആ പടം എടുത്താല്‍ മീശയെടുക്കുമെന്ന് പറയില്ലേ, എനിക്ക് മീശയില്ലാത്തതുകൊണ്ട് പറയാനൊക്കില്ല, അത്ര ധൈര്യമുള്ള ആരെങ്കിലുമുണ്ടോ?
ആ ചിത്രത്തില്‍ ഒരു പ്രോസ്റ്റിറ്റിയൂട്ട് ഹൗസ് നടത്തുന്ന ഒരു സ്ത്രീയാണ് ഞാന്‍. ഇതിന് വേണ്ടി ഇന്‍കം ടാക്സ് കെട്ടുന്നുണ്ട്. അതൊരു തൊഴിലാണ്. നാട്ടിലുള്ള ഒരു അച്ചന്‍ ഡൊണേഷന് വേണ്ടി വരും. അപ്പോള്‍ ഈ കഥാപാത്രം ഒരുപാട് കാശൊക്കെ എടുത്ത് കൊടുക്കും.
എങ്ങനെയാണ് വരുമാനം എന്ന് ആ അച്ചന്‍ ചോദിക്കും. പത്ത് പതിനഞ്ച് പെണ്ണുങ്ങള്‍ ഉണ്ട്, എന്റെയടുത്ത്, അതാണ് വരുമാനം എന്ന് പറയും. അങ്ങനത്തെ കാശ് എനിക്ക് വേണ്ട എന്ന് പറഞ്ഞ് അച്ചന്‍ ആ കാശ് തിരിച്ച് കൊടുക്കും. അച്ചനോര്‍ക്കുന്നുണ്ടോ, എന്റെ അടിപ്പാവാടയില്‍ നിന്നും ആദ്യം ആട അഴിച്ചെടുത്തത് അച്ചനായിരുന്നുവെന്ന് ഞാന്‍ അപ്പോള്‍ പറയും. ഇങ്ങനെ എഴുതാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ. എന്‍.എന്‍. പിള്ളയുടെ പടമാണ് അത്,’ ഷീല പറഞ്ഞു.
Content Highlight: sheela talks about vazhve mayam movie