| Sunday, 4th June 2023, 9:30 pm

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായികമാരൊക്കെ എവിടെ? പെണ്ണുങ്ങളായാല്‍ ത്യാഗങ്ങള്‍ ചെയ്യേണ്ടി വരും, അല്ലെങ്കില്‍ ലോകം എങ്ങനെ നിലനില്‍ക്കും: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആണുങ്ങള്‍ എപ്പോഴും ഹീറോയായി നിലനില്‍ക്കുമെന്നും എന്നാല്‍ പെണ്ണുങ്ങള്‍ കുടുംബത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്യുകയാണെന്നും പറയുകയാണ് ഷീല. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്നും എന്നാല്‍ അവര്‍ക്കൊപ്പം അഭിനയിച്ച നായികമാര്‍ എവിടെയെന്നും ഷീല പറഞ്ഞു. അനുരാഗം എന്ന ചിത്രത്തിന്റെ ഭാഗമായി മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷീല.

‘മോഹന്‍ലാലും മമ്മൂട്ടിയും എത്ര കൊല്ലമായി ഹീറോയായിട്ട് നില്‍ക്കുന്നു. അവര്‍ എത്ര നടിമാരുടെ കൂടെ അഭിനയിച്ചു. ആ ഹീറോയിന്‍സ് ഒക്കെ എവിടെ. അവരൊക്കെ പോയി, കല്യാണം കഴിഞ്ഞ് പിള്ളേരായി, തടിച്ചു, പിന്നെ അമ്മ വേഷത്തിനായി വരും. പെണ്ണുങ്ങളെന്ന് പറഞ്ഞാല്‍ വേറെ കുറെ കാര്യങ്ങള്‍ ഉണ്ട്. കുടുംബത്തിന് വേണ്ട കുറച്ച് ത്യാഗങ്ങള്‍ ചെയ്യേണ്ടി വരും. അല്ലെങ്കില്‍ ലോകം എങ്ങനെ നിലനില്‍ത്തും.

അതുപോലെ നസീറും സത്യനും എത്രയോ കൊല്ലങ്ങള്‍ നിന്നു. ഷീല എത്ര സിനിമകളില്‍ അഭിനയിച്ചു. അതിന് മുമ്പ് കുമാരി ഉണ്ട്. അതിന് ശേഷം വിജയ ശ്രീ, ഭാരതി, സീമ അവര്, ഇവര്, ആ കാലം മുതല്‍ മരിക്കുന്നത് വരെ ഇവരെല്ലാം ഹീറോ ആയി അഭിനയിച്ചു. ഈ പെണ്ണുങ്ങളെല്ലാം ഞാന്‍ പറഞ്ഞത് പോലെ പോയി.

ചെറുപ്പം മുതല്‍ അങ്ങനെയല്ലേ വളര്‍ത്തുന്നത്. ഫിസിക്കലായിട്ടും നോക്കിയാല്‍ ആണുങ്ങളും പെണ്ണുങ്ങളും വേറെയാണ്. നമുക്ക് ചില സമയങ്ങളില്‍ റെസ്റ്റ് എടുക്കേണ്ടി വരും. ക്ഷീണം വരും. അങ്ങനെയൊന്നും ആണുങ്ങള്‍ക്കില്ല. പത്ത് മാസം ഇവരാണോ ഒരു കൊച്ചിനെ ചുമന്ന് പ്രസവിക്കുന്നത്,’ ഷീല പറഞ്ഞു.

എന്നാല്‍ ഷീലയുടെ കാഴ്ചപ്പാടിനോട് വിയോജിച്ചാണ് ഒപ്പമിരുന്ന നടി ഗൗരി ജി. കൃഷ്ണ പ്രതികരിച്ചത്. കരീന കപൂറിനേയും ആലിയ ഭട്ടിനേയും പോലെയുള്ള നടിമാര്‍ വിവാഹശേഷവും അഭിനയിക്കുന്നുവെന്നും മാറ്റം സമൂഹത്തില്‍ സംഭവിക്കുന്നുണ്ടെന്നും ഗൗരി പറഞ്ഞു.

‘അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരിച്ചുവരവ് എന്ന വാക്കില്‍ തന്നെ കുറച്ച് പ്രശ്‌നങ്ങളുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പെണ്ണുങ്ങള്‍ക്ക് മാത്രമാണല്ലോ തിരിച്ചുവരേണ്ടത്. അത് എന്തുകൊണ്ടാണ്. സ്ത്രീകളായാല്‍ കല്യാണം കഴിക്കും. അങ്ങനെ പോകും. എന്നാല്‍ ഇപ്പോള്‍ മാറ്റങ്ങള്‍ നടക്കുന്നുണ്ട്.

കരീന കപൂര്‍ ഇപ്പോഴും അഭിനയിക്കുന്നു. അവര്‍ ബ്രേക്ക് എടുത്തിട്ടില്ല. ആലിയ ഭട്ടും അങ്ങനെയാണ്. മാറ്റം നടക്കുന്നുണ്ട്. പക്ഷേ കുറച്ച് കൂടി ഇന്‍ക്ലൂസീവാകണം. നമ്മളും ഓപ്പണ്‍ മൈന്‍ഡഡാവണം. ഒരു സ്റ്റേജിന് മുകളില്‍ സ്ത്രീകളെ വളരാന്‍ അനുവദിക്കാത്ത സംസ്‌കാരം മാറാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ഗൗരി പറഞ്ഞു.

Content Highlight: sheela talks about the career of malayalam actresess

We use cookies to give you the best possible experience. Learn more