എന്തൊരു റിയലായ അഭിനയം; അവരാണ് മലയാളത്തില്‍ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായികമാര്‍: ഷീല
Entertainment
എന്തൊരു റിയലായ അഭിനയം; അവരാണ് മലയാളത്തില്‍ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായികമാര്‍: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd September 2024, 4:05 pm

മലയാള സിനിമയില്‍ ഇപ്പോഴുള്ള നായികമാരില്‍ തനിക്ക് ഇഷ്ടമുള്ള ആളുകളെ കുറിച്ച് പറയുകയാണ് നടി ഷീല. തനിക്ക് സിനിമയില്‍ ഇപ്പോഴുള്ള ഒരുപാട് പേരുടെ അഭിനയം ഇഷ്ടമാണെന്നാണ് അവര്‍ പറയുന്നത്. പുതിയ പടങ്ങളൊക്കെ താന്‍ കാണാറുണ്ടെന്നും ഷീല പറയുന്നു.

പുതുതായി വന്നവരൊക്കെ ആദ്യ സിനിമയില്‍ തന്നെ വളരെ ഭംഗിയായിട്ടാണ് അഭിനയിക്കുന്നതെന്നും ഷീല കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

നിമിഷ സജയനും അപര്‍ണ ബാലമുരളിയുമാണ് തനിക്ക് ഇഷ്ടപ്പെട്ട നായികമാര്‍ എന്നാണ് ഷീല പറയുന്നത്. നിമിഷ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയില്‍ വളരെ റിയലായിട്ടാണ് അഭിനയിച്ചതെന്നും അപര്‍ണയുടേത് വളരെ നല്ല അഭിനയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് സിനിമയില്‍ ഇപ്പോഴുള്ള ഒരുപാട് പേരുടെ അഭിനയം ഇഷ്ടമാണ്. പക്ഷെ അവരുടെ പേരുകളൊന്നും എനിക്ക് ഇപ്പോള്‍ ഓര്‍മ കിട്ടുന്നില്ല. വരുന്ന പുതിയ പടങ്ങളൊക്കെ ഞാന്‍ കാണാറുണ്ട്. അതെല്ലാം ഒരുപാട് ഇഷ്ടവുമാണ്. പുതുതായി വന്നവരൊക്കെ ആദ്യ സിനിമയില്‍ തന്നെ എന്ത് ഭംഗിയായിട്ടാണ് അഭിനയിക്കുന്നത്.

ഇപ്പോള്‍ പുതുതായി സിനിമയില്‍ വന്ന ആണുങ്ങളാണെങ്കിലും പെണ്ണുങ്ങളാണെങ്കിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ ആരുടെയും പേരുകള്‍ ഞാന്‍ ഓര്‍ക്കുന്നില്ല എന്നതാണ് സത്യം. പടം ഏതെങ്കിലും ഓര്‍മയില്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അഭിനയിച്ച പെണ്‍കുട്ടി.

ആ പെണ്‍കുട്ടി (നിമിഷ സജയന്‍) എന്ത് റിയലായാണ് അഭിനയിക്കുന്നത്. പിന്നെ മറ്റൊരു പെണ്‍കുട്ടിയുണ്ടല്ലോ. അവള് ധനുഷിന്റെ കൂടെയൊക്കെ അഭിനയിക്കുന്നുണ്ട്. പിന്നെ സൂര്യയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. അപര്‍ണ ബാലമുരളി, ആ പെണ്ണും വളരെ നല്ല അഭിനയമാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ ഷീല പറഞ്ഞു.


Content Highlight: Sheela Talks About Nimisha Sajayan And Aparna Balamurali