Entertainment
അന്ന് അദ്ദേഹം മദ്യപിക്കുന്ന ഒരു സീന്‍ പോലും ചെയ്തില്ല; ഇന്ന് എല്ലാ സീനിലും മദ്യപാനം: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 04, 03:27 am
Wednesday, 4th September 2024, 8:57 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. എം.ജി.ആറിനെ പോലെയുള്ളവര്‍ പണ്ടത്തെ സിനിമകളില്‍ മദ്യപിക്കുന്നത് കാണിച്ചിട്ടില്ലെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും പറയുകയാണ് അവര്‍. ഇന്ന് കുടിക്കുന്നത് കാണിക്കാതെ അഭിനയിക്കാന്‍ പറ്റില്ലെന്നും എന്നുകരുതി എല്ലാ സീനിലും കുടിച്ചു കൊണ്ടിരിക്കണോയെന്നും ഷീല ചോദിക്കുന്നു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമയിലെ കഥ എപ്പോഴും നല്ലതായിരിക്കണമെന്നും ഹീറോയും ഹീറോയിനും ഒക്കെ ഈ കഥയാകണമെന്നും ഷീല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയിലെ കഥ എപ്പോഴും നല്ലതായിരിക്കണം. ഹീറോയും ഹീറോയിനും ഒക്കെ ഈ കഥ തന്നെയായിരിക്കണം. ഇപ്പോള്‍ എങ്ങനെയാണെന്ന് വെച്ചാല്‍ കുറേ മുടിയൊക്കെ വെച്ചിട്ടുള്ള കുറേ ആളുകളുണ്ടാകും. അവര്‍ ഒരു ആറോ ഏഴോ പേരുണ്ടാകും.

അവരൊക്കെ ചേര്‍ന്ന് കുടിക്കുന്നതാണ് കാണിക്കുന്നത്. കുടിക്കുന്നു, കുടിക്കുന്നു പിന്നെയും കുടിക്കുന്നു. ഒരു മനുഷ്യന്‍ കുടി നിര്‍ത്തണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല. വലിയ ലെവലില്‍ ഉള്ളവരാണെങ്കില്‍ ഒരു ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് അതിലേക്ക് ഐസ് കഷ്ണങ്ങളിട്ട് കുടിക്കുന്നത് കാണാം. സാധാരണക്കാരാണെങ്കില്‍ ചെറിയ ഒരു കാര്യം വന്നാല്‍ പിന്നെ കുടി തന്നെയാണ്.

എം.ജി.ആറൊന്നും ഒരു പടത്തില്‍ പോലും കുടിക്കുന്ന സീന്‍ ചെയ്തിട്ടില്ല. കുടിക്കുന്നതായി പോലും അഭിനയിച്ചിട്ടില്ല. പക്ഷെ ഇന്ന് അതുപോലെ അഭിനയിക്കാന്‍ പറ്റില്ല. എന്നാലും എല്ലാ സീനിലും കുടിച്ചു കൊണ്ടിരിക്കണോ. ഇപ്പോള്‍ എല്ലാ സീനിലും കുടി തന്നെയാണ്. കുടി നിര്‍ത്തണമെന്ന് തീരുമാനിച്ചവര് പടം കാണാന്‍ വന്നാല്‍ നമുക്ക് നേരെ സിനിമ കഴിഞ്ഞ് ബാറിലേക്ക് പോകണം എന്നാണ് വിചാരിക്കുക,’ ഷീല പറഞ്ഞു.


Content Highlight: Sheela Talks About MGR And New Trend In Cinema