| Tuesday, 3rd September 2024, 12:11 pm

ഇഷ്ട യുവനടന്‍; അഭിനയം കണ്ടാല്‍ അറിയാതെ പൊട്ടിച്ചിരിക്കും; അയാളെ കാണുമ്പോള്‍ സന്തോഷം തോന്നും: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.

ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനെ കുറിച്ച് പറയുകയാണ് ഷീല. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ബേസിലിനെ തനിക്ക് വലിയ ഇഷ്ടമാണെന്ന് പറയുന്ന ഷീല ഏത് വലിയ ആര്‍ട്ടിസ്റ്റിന്റെ സിനിമയുണ്ടെങ്കിലും താന്‍ ആദ്യം ബേസില്‍ അഭിനയിച്ച സിനിമയാകും കാണുകയെന്നും പറയുന്നു.

‘എനിക്ക് ഇപ്പോഴുള്ള ഒരുപാട് പേരുടെ അഭിനയം ഇഷ്ടമാണ്. പക്ഷെ അവരുടെ പേരുകളൊന്നും ഓര്‍മ കിട്ടുന്നില്ല. പുതിയ പടങ്ങളൊക്കെ ഞാന്‍ കാണാറുണ്ട്. അതെല്ലാം ഒരുപാട് ഇഷ്ടമാണ്. പുതുതായി വന്നവരൊക്കെ ആദ്യ സിനിമയില്‍ തന്നെ എന്ത് ഭംഗിയായിട്ടാണ് അഭിനയിക്കുന്നത്.

പുതുതായി വന്ന ആണുങ്ങളാണെങ്കിലും പെണ്ണുങ്ങളാണെങ്കിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ ആരുടെയും പേരുകള്‍ ഞാന്‍ ഓര്‍ക്കുന്നില്ല. പിന്നെ ഇഷ്ടമുള്ള നടനാരാണെന്ന് ചോദിച്ചാല്‍, കോഴിക്കട നടത്തുന്ന ഒരു കഥാപാത്രം ഉണ്ടായിരുന്നല്ലോ. ജയ ജയ ജയഹേ, അതിലെ ബേസില്‍ ജോസഫ്.

അയാളെ എനിക്ക് വലിയ ഇഷ്ടമാണ്. ഏത് വലിയ ആര്‍ട്ടിസ്റ്റുണ്ടെങ്കിലും ബേസില്‍ അഭിനയിച്ച പടമാണെന്ന് പറഞ്ഞാല്‍ ഞാന്‍ ആദ്യമേ അത് പോയി കാണും. അയാള്‍ അഭിനയിച്ച സിനിമയില്‍ എന്തെങ്കിലുമൊക്കെയുണ്ടാകും. ഈയിടെ പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ച ഒരു സിനിമ വന്നിരുന്നല്ലോ, ഗുരുവായൂരമ്പല നടയില്‍. അതില്‍ എന്തൊരു അഭിനയമാണ് അയാള്‍.

മദ്യപിച്ച് സോഫയില്‍ കിടക്കുന്ന ആ സീനൊക്കെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ബേസിലിന്റെ അഭിനയം കണ്ടാല്‍ അറിയാതെ പൊട്ടിച്ചിരിച്ചു പോകും. അങ്ങേരുടെ അഭിനയം കാണുമ്പോള്‍ മനസിന്റെ അകത്ത് വലിയ സന്തോഷം തോന്നും. എനിക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം ബേസിലിന്റേതാണ്,’ ഷീല പറയുന്നു.


Content Highlight: Sheela Talks About Basil Joseph’s Movie

We use cookies to give you the best possible experience. Learn more