തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സോണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കി എക്‌സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍. തൃശൂര്‍ സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ലാബ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ഷീല പ്രതിയല്ല എന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷീലയെ കുറ്റ വിമുക്തയാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അതിയായ സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഷീല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം സതീശന്‍ എന്ന വ്യക്തിയാണ് തനിക്ക് വിവരം നല്‍കിയതെന്നും വാട്‌സ്ആപ്പ് കോള്‍ വിളിച്ചാണ് ഷീലയുടെ കടയില്‍ ലഹരിയുണ്ടെന്ന് പറഞ്ഞതെന്നും റെയ്ഡ് നടത്തിയ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ കെ.സതീഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കെ. സതീഷന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ലഹരി മരുന്ന് കേസില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കിടന്നത്. അവസാനം, ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബ്യൂട്ടിപാര്‍ലറിലെത്തി ഹാന്‍ഡ് ബാഗില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും എല്‍.എസ്.ഡി. സ്റ്റാംപാണെന്ന് പറഞ്ഞ് ചില പേപ്പര്‍ കഷ്ണങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീടുള്ള ശാസ്ത്രീയ പരിശോധനയില്‍ ഇത് എല്‍.എസ്.ഡി. സ്റ്റാംപല്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഷീല സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷും അറിയിച്ചിരുന്നു. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
content highlights: Sheela Soni should be accused in drug case; Excise by giving report