മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.
ഏറ്റവുമധികം ചിത്രങ്ങളില്‍ നായകനും നായികയുമായി അഭിനയിച്ചവര്‍ എന്ന റെക്കോഡിന് ഉടമകളാണ് പ്രേം നസീറും ഷീലയും. മലയാളികളുടെ എക്കാലത്തെയും പ്രിയജോഡികള്‍ എന്ന വിശേഷണവും ഇരുവര്‍ക്കുമുണ്ട്. പ്രേം നസീറിനൊപ്പമുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷീല. മൂന്നൂറോളം പാട്ടുകളില്‍ തങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്ന് ഷീല പറഞ്ഞു.
എന്നാല്‍ അദ്ദേഹം പാടുന്നത് ഇതുവരെ കേള്‍ക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ലിപ് സിങ്ക് മാത്രമേ ചെയ്യാറുള്ളൂവെന്നും ഷീല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാട്ടിന്റെ എല്ലാ ഫീലും അദ്ദേഹത്തിന്റെ മുഖത്ത് വരാറുണ്ടെന്നും തൊണ്ടയിലെ ഞരമ്പ് കാണുമ്പോള്‍ അദ്ദേഹം പാടുന്നതായി തോന്നുമെന്നും ഷീല പറയുന്നു. നടന്‍ എന്ന നിലയില്‍ പ്രേം നസീര്‍ തന്നെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളില്‍ ചിലതാണ് അതെന്നും ഷീല പറഞ്ഞു.
താനൊക്കെ പാടുന്ന സമയത്ത് ചിലപ്പോള്‍ കൂടെ പാടാറുണ്ടെന്നും ഷീല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രേം നസീര്‍ അതില്‍ നിന്ന് വ്യത്യസ്തനാണെന്നും അദ്ദേഹം പാടുന്നത് കേള്‍ക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ലെന്നും ഷീല പറഞ്ഞു. അദ്ദേഹം പാടുന്നത് കേള്‍ക്കാന്‍ ചിലര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷീല.
‘ഞാനും നസീര്‍ സാറും 150ന്റെ മുകളില്‍ സിനിമകള്‍ ഒന്നിച്ചഭിനയിച്ചു. ഏതാണ്ട് മുന്നൂറിനടുത്ത് പാട്ട് സീന്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെ നസീര്‍ സാര്‍ പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ തോളിലൊക്കെ കിടന്ന് പാടി അഭിനയിച്ചപ്പോഴൊന്നും പുള്ളി പാടുന്ന സൗണ്ട് മാത്രം കേള്‍ക്കാന്‍ പറ്റിയില്ല. എല്ലാ പാട്ടിനും വെറും ലിപ് സിങ്ക് മാത്രമേ ചെയ്യാറുള്ളൂ.
എന്നാല്‍ അദ്ദേഹം പാടുന്ന സീന്‍ കാണുമ്പോള്‍ ശരിക്ക് പാടുകയാണോ എന്ന് തോന്നിപ്പോകും. കഴുത്തിലെ ഞരമ്പിനൊക്കെ അത്രമാത്രം സ്‌ട്രെയിന്‍ കൊടുക്കുന്നത് കാണാന്‍ സാധിക്കും. പക്ഷേ, ശബ്ദം പുറത്തേക്ക് കേള്‍ക്കില്ല. നസീര്‍ സാര്‍ പാടുന്നത് ചിലരൊക്കെ കേട്ടിട്ടുണ്ടെന്ന് അറിയാം. പക്ഷേ, എനിക്ക് അത് കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല,’ ഷീല പറഞ്ഞു.
Content Highlight: Sheela shares the memories of Acting with Prem Nazir