[share]
[]ന്യൂദല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ നിയമിച്ചു. ഷീല ദീക്ഷിത് ചാര്‍ജേറ്റെടുക്കും വരെ കേരളത്തിന്റെ ചുമതല കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിന്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനായാണ് കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജി വെച്ചത്. രാജി രാഷ്ട്രപതി സ്വീകരിച്ചിട്ടുണ്ട്.
നിഖില്‍ കുമാര്‍ രണ്ട് ദിവസത്തിനകം രാജി വെയ്ക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഔറംഗാബാദില്‍ നിന്നാണ് നിഖില്‍ കുമാര്‍ മത്സരിയ്ക്കുന്നത്.
ഒന്നാം യു.പി.എ ഭരണകാലത്ത് അദ്ദേഹം ഔറംഗാബാദില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു.
അതേസമയം ദല്‍ഹിയിലെ പരാജയത്തിനു ശേഷമാണ് ഷീല ദീക്ഷിത് കേരളത്തിലേയ്ക്ക് വരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വരവും വിജയവും ഒരുപോലെ ആഘോഷിച്ച സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് കേരളത്തിന് ഷീലയില്‍ നേരിയ അതൃപ്തിയുമുണ്ടെന്നാണ് സൂചന.
കോമണ്‍വെല്‍ത് ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണവും ഷീലയ്‌ക്കെതിരെയുണ്ട്. കോമണ്‍വെല്‍ത് ഗെയിംസിനായി നടത്തിയ പതിനാല് പ്രോജക്ടുകളില്‍ വിവിധ വകുപ്പുകളിലായി അഴിമതി നടന്നുവെന്നും അതുവഴി സര്‍ക്കാരിന് 198 കോടി നഷ്ടമുണ്ടായി എന്നുമാണ് ആരോപണം.