|

കേരള ഗവര്‍ണറായി അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്ന് ഷീല ദീക്ഷിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: കേരള ഗവര്‍ണറായി അടുത്തയാഴ്ച ചുമതലയേല്‍ക്കുമെന്ന് മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. പുതിയ പദവിയെ ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്നും രാഷ്ട്രീയത്തിലേക്ക് ഇനി ഒരു മടങ്ങിവരവുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ അഴിമതി കേസുകളില്‍നിന്ന് സംരക്ഷിക്കുവാനാണ് തന്നെ ഗവര്‍ണറാക്കിയതെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ഇന്ന് നിയമിച്ചിരുന്നു. ഷീല ദീക്ഷിത് ചാര്‍ജേറ്റെടുക്കും വരെ കേരളത്തിന്റെ ചുമതല കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിനാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍നിന്നേറ്റ പരാജയത്തിനു ശേഷമാണ് ഷീല ദീക്ഷിത് കേരളത്തിലേക്ക് വരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വരവും വിജയവും ഒരുപോലെ ആഘോഷിച്ച സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് കേരളത്തിന് ഷീലയില്‍ നേരിയ അതൃപ്തിയുമുണ്ടെന്നാണ് സൂചന.

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണവും ഷീലയ്‌ക്കെതിരെയുണ്ട്. കോമണ്‍വെല്‍ത് ഗെയിംസിനായി നടത്തിയ പതിനാല് പ്രോജക്ടുകളില്‍ വിവിധ വകുപ്പുകളിലായി അഴിമതി നടന്നുവെന്നും അതുവഴി സര്‍ക്കാരിന് 198 കോടി നഷ്ടമുണ്ടായി എന്നുമാണ് ആരോപണം.

നിയമ വിരുദ്ധമായി കോളനികള്‍ക്ക് അംഗീകാരം നല്‍കിയത് സംബന്ധിച്ച് ഷീല ദീക്ഷിതിനെതിരെ അന്വേഷണമാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രപതിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

2009 ലെ രിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നേട്ടത്തിനായി ഏകദേശം ആയിരം കോളനികള്‍ക്ക് ഷീല ദീക്ഷിത് അംഗീകാരം നല്‍കിയതായി ദല്‍ഹി ഓംബുഡ്‌സ്മാന്‍ നവംബറില്‍ കണ്ടെത്തിയിരുന്നു.

മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയാണ് അംഗീകാരം നല്‍കിയത്. വനത്തിനായി നീക്കി വച്ചിരുന്ന ഭൂമിയില്‍ പണിത കോളനികള്‍ക്കും അവര്‍ അംഗീകാരം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

ഈ വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ് രാഷ്ട്രപതി  ഓംബുഡ്‌സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ട് അരവിന്ദ് കെജ്‌രിവാളിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് കെജ്‌രിവാള്‍ അന്വേഷണം ആവശ്യപ്പെട്ടത്.