നടന്‍ അശ്വിന്‍ ജോസ് തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പങ്കെടുക്കവെ താന്‍ ഈയിടെ കണ്ട ചിത്രത്തെപ്പറ്റി മൂവി വേള്‍ഡ് മീഡിയയോട് അഭിപ്രായം പറയുകയാണ് നടി ഷീല.
താന്‍ ഈയിടെ കണ്ട ചിത്രത്തില്‍ ഒരു വലിയ നടിയാണ് അഭിനയിച്ചിരിക്കുന്നതെന്നും എന്നാല്‍ ആ സിനിമ തനിക്ക് മനസിലായില്ലെന്നും ഷീല പറഞ്ഞു. ചിത്രം മുഴുവനും മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ രാഷ്ട്രീയവും ആവശ്യമില്ലാത്ത കാര്യങ്ങളും ഉള്‍പ്പെടുത്തിയെന്നുമാണ് ഷീല അഭിപ്രായപ്പെട്ടത്.
‘ഞാന്‍ ഈയിടക്ക് ഒരു പടം കണ്ടു. ഒരു വലിയ നടിയാണ് അഭിനയിച്ചിരിക്കുന്നത്. അവരുടെ കഥാപാത്രം നല്ലതാണ്. അവര്‍ നന്നായി അഭിനയിച്ചു. അവര്‍ വരുന്ന ആ സീനൊക്കെ നല്ലതായിരുന്നു. പക്ഷെ പടം മുഴുവനും ധാരാളം രാഷ്ട്രീയമാണ്. നമുക്ക് മനസിലാക്കാനേ ഒക്കുന്നില്ല. അങ്ങനെ ആവശ്യമില്ലാത്ത എന്തൊക്കേയോ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആ നടനോ നടിയോ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വിചാരിച്ചു. വല്ലതൊക്കെയും സ്‌ക്രിപ്റ്റില്‍ വാരി വലിച്ചെഴുതി വെക്കും. പിന്നെയെടുക്കുന്ന സീന്‍ എന്താണെന്ന് ഇവര്‍ അറിയില്ല. സ്‌ക്രിപ്റ്റ് മാറ്റാന്‍ പറയാന്‍ ഒക്കില്ലെങ്കില്‍ അത്തരം സിനിമയില്‍ അഭിനയിക്കാതിരിക്കുക,’ ഷീല പറഞ്ഞു.
മെയ് അഞ്ചിനാണ് അനുരാഗം തിയേറ്ററില്‍ എത്തുന്നത്. ഷീലയെ കൂടാതെ ഗൗതം മേനോന്‍, ഗൗരി കൃഷ്ണന്‍, അശ്വിന്‍ ജോസ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ദേവയാനി, ദുര്‍ഗ കൃഷ്ണ, മൂസി, ലെനാ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയാണ് ഛായാഗ്രാഹകന്‍, സംഗീതം ജോയല്‍ ജോണ്‍സ്. ലിജോ പോള്‍ എഡിറ്റിങ്. പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ രാജ്, ടിറ്റോ പി. തങ്കച്ചന്‍ എന്നിവരാണ്.
Content Highlight: sheela criticize new malayalam movie