| Saturday, 3rd June 2023, 11:47 pm

ഇന്‍ഡസ്ട്രിയില്‍ ആണുങ്ങള്‍ക്കാണ് വാല്യു, അത് മാറ്റാവുന്ന കാര്യമല്ലെന്ന് ഷീല; മാറണമെന്ന് ഗൗരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏത് സിനിമ ഇന്‍ഡസ്ട്രിയാണെങ്കിലും പ്രാധാന്യം ആണുങ്ങള്‍ക്കാണെന്ന് നടി ഷീല. അത് മാറ്റാവുന്ന കാര്യമല്ലെന്നും ചിലപ്പോള്‍ 25 വര്‍ഷം കഴിയുമ്പോള്‍ മാറ്റം വരാമെന്നും ഷീല പറഞ്ഞു. അനുരാഗം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലയുടെ പരാമര്‍ശങ്ങള്‍.

‘ആണായതുകൊണ്ട് വേതനം കൂടുതലെന്നല്ല. ഹീറോയാണെങ്കില്‍ ലക്ഷക്കണക്കിന് ആരാധകരുണ്ടാകും. അവരുടെ അടിയാണെങ്കിലും പടമാണെങ്കിലും ആളുകള്‍ കാണും. ഒരു കാലത്ത് വാണി വിശ്വനാഥ് ഉണ്ടായിരുന്നു. എന്നാലും ഹീറോസിന് കൊടുക്കുന്ന പ്രതിഫലം അവര്‍ക്ക് കൊടുക്കില്ല.

ഇവിടെയാണെങ്കിലും ബോളിവുഡിലാണെങ്കിലും ഹോളിവുഡിലാണെങ്കിലും ഹീറോസിനാണ് വാല്യു. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ആണുങ്ങള്‍ക്കാണ് വാല്യു. അത് മാറ്റാനൊക്കുന്ന കാര്യമല്ല. ചിലപ്പോള്‍ ഒരു ഇരുപത്തഞ്ച് വര്‍ഷം കഴിഞ്ഞ് മാറുമായിരിക്കും. അല്ലെങ്കില്‍ അങ്ങനെ ഒരു നടി വരണം,’ ഷീല പറഞ്ഞു.

ഷീല പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നില്ലെന്നാണ് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന നടി ഗൗരി പറഞ്ഞത്. തനിക്ക് അതിനോട് 100 ശതമാനം യോജിപ്പില്ലെന്നും ഇതൊക്കെ മാറണമെന്നും ഗൗരി പറഞ്ഞു. മാറ്റം വളരെ പതുക്കെയാണെങ്കിലും നടക്കുന്നുണ്ടെന്നും എന്നാല്‍ ആളുകള്‍ അതിനോട് സഹകരിക്കുന്നത് വളരെ കുറവാണെന്നും ഗൗരി പറഞ്ഞു.

‘സിനിമയില്‍ മാത്രമല്ല. സമൂഹത്തിലും വീട്ടിലും പാട്രിയാര്‍ക്കി അത്രയും ശക്തമാണ്. മാറ്റം നടക്കുന്നില്ലെന്നല്ല. പക്ഷേ ഭയങ്കര പതുക്കെയാണ് അത് സംഭവിക്കുന്നത്. ആ മാറ്റത്തോടുള്ള സഹകരണം വളരെ കുറവാണ്. അതുകൊണ്ടാണ് പലര്‍ക്കും അത് ഒരു ഡിമാന്‍ഡായി തോന്നുന്നത്.

മാര്‍ക്കറ്റ് വാല്യുവിനെ പറ്റി എനിക്ക് അത്ര അറിവില്ല. തുല്യവേതനം നാം ചെയ്യുന്ന ജോലിക്കാണ്. വേതനത്തില്‍ എന്തുകൊണ്ട് വ്യത്യാസം വരുന്നുവെന്ന് എനിക്ക് മനസിലാവുന്നില്ല,’ ഗൗരി പറഞ്ഞു.

Content Highlight: sheela and gauri g krishna talks about female discrimination in industry

We use cookies to give you the best possible experience. Learn more