| Tuesday, 2nd May 2023, 9:43 pm

രതിനിര്‍വേദത്തില്‍ അഭിനയിക്കാതിരുന്നതില്‍ ഏറെ സന്തോഷം, വേണ്ടെന്ന് വെക്കാന്‍ കാരണവുമുണ്ടായിരുന്നു: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷീല. ചെമ്മീനിലെ കറുത്തമ്മയടക്കമുള്ള നിരവധി കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും ഷീലക്ക് സാധിച്ചിരുന്നു.

തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയ വേഷങ്ങളെ കുറിച്ചും താന്‍ വേണ്ടെന്ന് വെച്ച കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ഷീലയിപ്പോള്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കമലാദാസിന്റെ വേഷം താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അതിനായി അഡ്വാന്‍സ് വാങ്ങിച്ചെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നുവെന്നും ഷീല പറഞ്ഞു.

‘ആമിയില്‍ ഞാനായിരുന്നു കമലാ ദാസിന്റെ വേഷം ആദ്യം അഭിനയിക്കാനിരുന്നത്. അഡ്വാന്‍സ് വരെ വാങ്ങിയിരുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായി.

ഓ ഷീലയാണല്ലേ അഭിനയിക്കുന്നത്, ഷീല അഭിനയിച്ചാല്‍ നന്നായിരിക്കും, എന്റെ മാനറിസങ്ങള്‍ ഇങ്ങനെയാണ് എന്നൊക്കെ അവര്‍ കാണിച്ചു തന്നു. പക്ഷേ എന്റെ കോള്‍ ഷീറ്റ്, ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാറി തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും അത് പോയി.

പിന്നെ ഭാര്‍ഗവിനിലയം. യക്ഷിയായി പാട്ടൊക്കെ പാടി നടക്കുന്നില്ലേ, ആ റോളിന് എന്നെയാണ് വിളിച്ചത്. അതും എന്റെ കോള്‍ ഷീറ്റിന്റെ പ്രശ്‌നം കൊണ്ട് നഷ്ടമായി. എനിക്കും നസീറിനും അല്ലെങ്കിലും എനിക്കും മധുവിനുമൊക്കെയുള്ള കോമ്പിനേഷന്‍ സീനുകളില്‍ ഒന്നെങ്കില്‍ എന്നെ കിട്ടില്ല, അല്ലെങ്കില്‍ അവരെ കിട്ടില്ല അങ്ങനെ നടക്കാതെ പോയി. ഒടുവില്‍ തെലുങ്കില്‍ നിന്ന് വിജി നിര്‍മല എന്ന നടിയെ കൊണ്ടുവന്നു,’ ഷീല പറഞ്ഞു.

ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ രതിനിര്‍വേദത്തില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ചും അഭിമുഖത്തില്‍ ഷീല മനസു തുറന്നു.

‘രതിനിര്‍വേദത്തില്‍ ഞാന്‍ അഭിനയിക്കില്ല. അതൊക്കെ ഒരു ടൈപ്പാണ്. അതിലൊക്കെ അഭിനയിക്കാതിരുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.

രതിനിര്‍വേദത്തില്‍ അഭിനയിക്കാതിരുന്നത് ആ ചിത്രത്തിന്റെ സ്‌ക്രിപറ്റും റോളും ഇഷ്ടമാകാത്തത് കൊണ്ടാണ്. എന്തൊക്കെയോ കൊണ്ട് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് അത് വേണ്ട എന്ന് വെച്ചു,’ ഷീല കൂട്ടിച്ചേര്‍ത്തു.

Content highlight: Sheela about why she rejected Rathinirvedam

We use cookies to give you the best possible experience. Learn more