| Tuesday, 19th April 2022, 2:59 pm

'വര്‍ഷങ്ങളായി തോറ്റ് തോറ്റ് തുന്നം പാടിയിട്ടും ജയിക്കും വരെ പാര്‍ട്ടി സീറ്റ് നല്‍കിയില്ലേ'; ജെബി മേത്തറെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാനെതിരെ ഷീബ രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് മറുപടിയുമായി സൈബറിടത്ത് കോണ്‍ഗ്രസിന്റെ ശ്രദ്ധേയ മുഖമായ ഷീബ രാമചന്ദ്രന്‍.

ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് തീര്‍ച്ചയായും വിപ്ലവകരമായ തീരുമാനം തന്നെ ആയിരുന്നുവെന്ന് ഷീബ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.

മഹിള കോണ്‍ഗ്രസ് എന്ന സംഘടനയ്ക്കും ഒപ്പം യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്കും കിട്ടിയ അംഗീകാരം എന്നതിലുപരി നാല് പതിറ്റാണ്ടിനു ശേഷം പ്രസ്ഥാനത്തിലെ ഓരോ മഹിളകള്‍ക്കും യുവാക്കള്‍ക്കും ലഭിച്ച അംഗീകാരം കൂടിയാണത്. അതിന് ഇവിടെ ആരും അസൂയപ്പെട്ടിട്ടും കൊതിക്കെറുവ് പറഞ്ഞിട്ടും കാര്യമില്ല.

ചിലര്‍ വര്‍ഷങ്ങളായി(പാര്‍ട്ടി നല്‍കിയത് സേഫായ മണ്ഡലമായാല്‍ പോലും) തോറ്റ് തോറ്റ് തുന്നം പാടിയിട്ടും ജയിക്കും വരെ പാര്‍ട്ടി സീറ്റ് നല്‍കാന്‍ ക്ഷമ കാണിച്ചതു പോലെയല്ല ജെബി മേത്തര്‍. പാര്‍ട്ടി കൊടുത്തത് ചെറിയ സീറ്റില്‍ ആയിരുന്നിട്ടും അത് മുനിസിപ്പാലിറ്റി ആയാലും രണ്ടുവട്ടം വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുവന്നവളാണ്. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഓടു പൊളിച്ച് ഇറങ്ങി വന്നവളല്ലെന്നും ഷീബ രാമചന്ദ്രന്‍ പറഞ്ഞു.

‘രാജ്യസഭ എന്നത് നിരവധി നിയമങ്ങളും നിയമ നിര്‍മാണങ്ങളും നിയമ ഭേദഗതികളും(അമന്‍മെന്റ്) ഉടലെടുക്കുന്ന ഇടമാണ്- അവിടെ Constitutional Law യില്‍ Specialize ചെയ്ത് LLM പാസായ ഇംഗ്ലീഷ് ഭാഷയിലും ഹിന്ദിയിലും മികച്ച പ്രാവീണ്യമുള്ള ജെബി മേത്തര്‍ തന്നെയാണ് അഭികാമ്യമായിട്ടുള്ളത് അല്ലാതെ അവിടെ ചെന്ന് തപ്പിത്തടഞ്ഞ് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെയല്ല നവീന കാലഘട്ടം ആവശ്യപ്പെടുന്നത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചത് ഒരു പോരായ്മ ആണെങ്കില്‍ അതിന്റെ പങ്ക് പരമ്പരാഗതമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴികളില്‍ ശക്തമായ താങ്ങും തണലുമായിട്ടുണ്ട് എന്ന് നന്ദിയോടെ ഓര്‍ക്കേണ്ടതിനു പകരം എല്ലാം അറിയുന്നവര്‍ തന്നെ ആ കുടുംബത്തോട് നന്ദികേട് പറയരുത്,’ഷീബ രാമചന്ദ്രന്‍ പറഞ്ഞു.

കൗമാര-യൗവ്വന കാലഘട്ടങ്ങളില്‍ സുഖലോലുപതയില്‍ അടിച്ചുപൊളിച്ച് കഴിയാമായിരുന്നിട്ടും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയായി ക്ഷമയോടെ കെ.എസ്.യു- യൂത്തു കോണ്‍ഗ്രസിലൂടെ പടിപടിയായി വളര്‍ന്നു വന്ന് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളോട് തികച്ചും നീതി പുലര്‍ത്തി വര്‍ഷങ്ങളായി സാധാരണക്കാരോടൊപ്പം ഒരു പാത്രത്തില്‍ നിന്ന് ഉണ്ടും ഉറങ്ങിയും പൊതുരംഗത്ത് നില്‍ക്കുന്ന പ്രകടനാത്മകതയില്ലാത്ത സൗമ്യസാന്നിധ്യമായിട്ടാണ് എന്റെ ജില്ലക്കാരി കൂടിയായ ശ്രീമതി ജെബിയെ ഞാന്‍ ചെറുപ്പകാലം മുതല്‍ മനസ്സിലാക്കിയിരിക്കുന്നത്. അത്തരക്കാരെ തന്നെയാണ് നേതൃത്വം പരിഗണിക്കേണ്ടതെന്നും ഷീബ വ്യക്തമാക്കി.

വിപ്ലവകരമായ തീരുമാനം എന്ന് ഹാസ്യാത്മകമായി പറഞ്ഞ് ഇന്ന് ആക്ഷേപിക്കുന്ന ഷഷ്ഠിപൂര്‍ത്തിയിലെത്തി നില്‍ക്കുന്ന മഹിളാ രത്‌നങ്ങള്‍ ഇലക്ഷന്‍ കാലയളവിലുടനീളം ആത്മാര്‍ത്ഥമായി കൂടെ നിന്ന് കൈയും മെയ്യും മറന്ന് ജയിപ്പിച്ച പ്രമുഖ നേതാവിനോട് സഖാക്കളുടെ ഷൂവില്‍ കയറി നിന്ന് മാപ്പു പറയാന്‍ ആവശ്യപ്പെട്ട നന്ദികേട് ഇവിടെയാരും മറന്നിട്ടില്ലെന്നും ഷീബ പരിഹസിച്ചു.

അധികാരക്കൊതി മൂത്ത മഹിളാരത്‌നങ്ങളെ നേതൃത്വം ആദ്യമേ നിലക്കുനിര്‍ത്തേണ്ടിയിരിക്കുന്നു. പ്രസ്ഥാനത്തെയും കൈപിടിച്ച് എന്നും ഉയര്‍ത്തിയ നേതാക്കളേയും ഒളിഞ്ഞും പാത്തുമായി പലപ്പോഴും പരസ്യമായി വ്യക്തിഹത്യ ചെയ്യുന്ന അച്ചടക്കം പാലിക്കാത്തവരെ അച്ചടക്ക നടപടിയിലൂടെ പടിഅടച്ച് പിണ്ഡം വെക്കാതെ വീണ്ടും വീണ്ടും ദേശീയ സംസ്ഥാന തലങ്ങളില്‍ സ്ഥാനമാനം നല്‍കുന്ന നേതാക്കള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ തെറ്റുകാര്‍. പ്രസ്ഥാനത്തെ സ്‌നേഹിക്കു. എന്നിട്ടു പോരെ പദവികള്‍.
‘ചുമരുണ്ട് എങ്കിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ’ എന്നെങ്കിലും വാര്‍ധ്യകത്തിലും ഡൈ ചെയ്ത് കറുപ്പിച്ച് നടക്കുന്ന അധികാരത്തിന്റെ അമൃത് ആവോളം രുചിച്ച ആണ്‍- പെണ്‍ നേതാക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ഷീബ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:  Sheeba Ramachandran,  responds to Shanimol Usman’s mockery of Jeby Mehtar’s Rajya Sabha candidature.

We use cookies to give you the best possible experience. Learn more