| Sunday, 3rd April 2022, 12:21 pm

നമ്മളൊക്കെ വെറും അഹങ്കാരികളാണല്ലോ; ഇങ്ങനെയൊന്നും നടന്നാല്‍പോര ഷെബിനേ, എന്ത് മടിയനാ നീയൊക്കെ എന്ന് മമ്മൂക്കയെ കാണുമ്പോള്‍ തോന്നിപ്പോകും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തില്‍ ഏബല്‍ എന്ന കഥാപാത്രമായെത്തി വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് നടന്‍ ഷെബിന്‍ ബെന്‍സണ്‍.

ഇടുക്ക് ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം, എവിടെ, വര്‍ഷം എന്നീ സിനിമകളിലും ഷെബിന്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വര്‍ഷം, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെബിന്‍.

മമ്മൂക്കയുടെ ഓപ്പോസിറ്റ് നിന്ന് പെര്‍ഫോം ചെയ്യുന്നത് ഭാഗ്യമായാണ് കരുതുന്നതെന്നും മമ്മൂക്കയെ കാണുമ്പോള്‍ നമ്മളൊക്കെ വെറും അഹങ്കാരികളാണല്ലോ, എന്ന് തോന്നിപ്പോകുമെന്നും ഷെബിന്‍ ബെന്‍സണ്‍ പറഞ്ഞു.

”മമ്മൂക്കയുടെ ഓപ്പോസിറ്റ് നിന്ന് പെര്‍ഫോം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. ഒന്നാമത് ഭാഗ്യമാണ് അദ്ദേഹത്തോടൊപ്പം വര്‍ഷത്തില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയത്.

ആ സമയത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പക്ഷെ, ആദ്യത്തെ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞപ്പോള്‍ ഇക്ക എന്നെ ചേര്‍ത്ത് പിടിച്ചിട്ട് പറഞ്ഞു, ടെന്‍ഷനൊന്നും അടിക്കണ്ട. എന്നെ കെട്ടിപ്പിടിച്ചായിരുന്നു പറഞ്ഞത്.

ഐ ഫെല്‍റ്റ് സോ ഗുഡ്. ഒരു ഗിവ് ആന്‍ഡ് ടേക്കാണ് സീന്‍. അത് അടിപൊളിയാണ്. മമ്മൂക്ക ഭയങ്കരമായി നമ്മളെ സപ്പോര്‍ട്ട് ചെയ്യും. ഭയങ്കര അടിപൊളിയാണ്. നമുക്ക് ഭയങ്കര എനര്‍ജി കിട്ടും. ആ എനര്‍ജിയാണ് അദ്ദേഹം. ഇങ്ങനത്തെ കുറച്ച് വാക്കുകള്‍ കൊണ്ട് പറയേണ്ട ആളൊന്നുമല്ല.

ഒരുപാട് അവസരങ്ങള്‍ തരുന്നുണ്ട്. സിനിമകളൊക്കെ വരുമ്പോള്‍ ചെറുപ്പക്കാര്‍ക്കൊക്കെ അവസരങ്ങള്‍ കിട്ടുന്നുണ്ട്. സ്‌പേസ് തരുന്നുണ്ട്. അത് ബഹുമാനിക്കേണ്ട കാര്യമാണ്. നമ്മളെയൊക്കെ മനസിലാക്കുന്നുണ്ട്.

പ്ലസ്ടു കഴിഞ്ഞ് കോളേജില്‍ കയറിയ സമയത്തായിരുന്നു ഞാന്‍ വര്‍ഷം ചെയ്തത്. ഇപ്പോള്‍ ഭീഷ്മ ചെയ്തപ്പോള്‍, അടുത്ത് ചെയ്ത ഇന്റര്‍വ്യൂകള്‍ കണ്ടപ്പോള്‍, ഭയങ്കര ചില്‍ ആയിട്ടുണ്ട് ആള്.

നമ്മളൊക്കെ വെറും അഹങ്കാരികളാണല്ലോ, എന്ന് തോന്നിപ്പോകും. ഇങ്ങനെയൊന്നും നടന്നാല്‍ പോരാ, എന്ന് തോന്നും മമ്മൂക്കയെ കാണുമ്പോള്‍.

അവരെയൊക്കെ കണ്ട് പഠിക്കണം. അവരൊക്കെ എങ്ങനെയാണ് നടക്കുന്നത്, എങ്ങനെയാണ് സിനിമയെ കാണുന്നത്, എത്ര സീരിയസായാണ് അപ്രോച്ച് ചെയ്യുന്നത്. ഇത് തമാശക്കളിയല്ല. എന്‍ജോയ് ചെയ്ത് സീരിയസായി കാണണം.

കണ്ട് പഠിക്കേണ്ടതാണ്. ‘ഇങ്ങനെയൊന്നും നടന്നാല്‍ പോര ഷെബിനേ, എന്ത് മടിയനാ ഷെബിനേ നീയൊക്കെ,’ എന്ന് തോന്നിപ്പോകും. എനിക്ക് കിട്ടിയ ഭാഗ്യമായാണ് ഞാന്‍ വിശ്വസിക്കുന്നത്.

നന്നായി അത് ഉപയോഗപ്പെടുത്തണം, എന്ന് ഇക്കയെ കാണുമ്പോള്‍ എപ്പോഴും തോന്നാറുണ്ട്,” ഷെബിന്‍ ബെന്‍സണ്‍ പറഞ്ഞു.

Content Highlight: Shebin Benson about acting with Mammootty in Bheeshma Parvam and Varsham

We use cookies to give you the best possible experience. Learn more