| Monday, 10th June 2019, 12:55 pm

'ഞാന്‍ ദത്തെടുത്തില്ലായിരുന്നെങ്കില്‍, അവര്‍ക്ക് ഈ വിധിയുണ്ടാവുമായിരുന്നില്ല' ; കത്വ പെണ്‍കുട്ടിയെക്കുറിച്ച് വളര്‍ത്തച്ഛന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്താന്‍കോട്ട്: കത്വ പെണ്‍കുട്ടി ഏറെ ധൈര്യവതിയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍. മക്കള്‍ നഷ്ടപ്പെട്ട ഇദ്ദേഹത്തിനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

‘മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളാണ് അവരുടെ ഏക പ്രതീക്ഷ. കുട്ടികളെ നഷ്ടപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിനു തന്നെ അര്‍ത്ഥമില്ലാതാവുന്നു. അവളെ കിട്ടിയപ്പോള്‍ എനിക്കൊരു പുതിയ ജീവിതം കിട്ടിയതായിരുന്നു. ജീവിതത്തിനൊരു അര്‍ത്ഥം കൈവന്നതായിരുന്നു.’ അദ്ദേഹം പറയുന്നു.

‘ഒരുപക്ഷേ അവള്‍ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നെങ്കില്‍ ഈ ഭീകരവിധി അനുഭവിക്കേണ്ടി വരില്ലായിരുന്നു.’ അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അപകടത്തിലാണ് പെണ്‍കുട്ടിയുടെ അമ്മാവന് കുടുംബത്തെ നഷ്ടപ്പെട്ടത്.

‘അദ്ദേഹം എപ്പോഴും കുട്ടികളെക്കുറിച്ച് സംസാരിക്കും. അവരെ അദ്ദേഹത്തിന് വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. അവളെ (ഇരയെ) ആദ്യം കണ്ടപ്പോള്‍ അദ്ദേഹം കരയുകയായിരുന്നു. എന്റെ സഹോദരന്റെ വേദന കാണാന്‍ കഴിയാത്തതുകൊണ്ടാണ് മകളെ അദ്ദേഹത്തെ ഏല്‍പ്പിച്ചത്.’ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

കത്വ കേസില്‍ ആറ് പ്രതികളെ കോടതി കുറ്റക്കാരെന്നു വിധിച്ചിരുന്നു. മുഖ്യ പ്രതിയും പെണ്‍കുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിലെ പൂജാരിയുമായ സഞ്ജി റാം അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

സഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

സഞ്ജി റാമിനു പുറമേ ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഞ്ജി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്. സഞ്ജി റാമിന്റെ ബന്ധുവാണ് ആനന്ദ് ദത്ത്. സ്‌പെഷ്യല്‍ ഓഫീസര്‍മാരായ ദീപക് ഖജൂരി, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തിയിരുന്നു.

ഇവര്‍ക്കുള്ള ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്ക്കുശേഷം നടക്കും. അതിനുശേഷം വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more