ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മെവാനിയും ജെ.എന്‍.യു.മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറും ഉമര്‍ ഖാലിദും.
സംഘപരിവാറിന്റേയും ബി.ജെ.പിയുടേയും വര്‍ഗീയരാഷ്ട്രീയത്തിനെതിരെ ധീരമായി പോരാടിയ വ്യക്തിത്വമായിരുന്നു ഗൗരി ലങ്കേഷിന്റേതെന്ന് ജിഗ്നേഷ് മെവാനി പ്രതികരിച്ചു.
ഫാസിസ്റ്റ് ശക്തികള്‍ എല്ലാ എതിര്‍പ്പിന്റെ ശബ്ദങ്ങളേയും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും ജിഗ്നേഷ് പ്രതികരിക്കുന്നു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഗൗരി ലങ്കേഷുമായി അടുത്ത ബന്ധമുള്ള തന്നേയും കനയ്യയും മക്കളുടെ സ്ഥാനത്തായിരുന്നു അവര്‍ കണ്ടതെന്നും ജിഗ്നേഷ് ഓര്‍ക്കുന്നു.
ജിഗ്നേഷ് എന്റെ നല്ല മകനും കനയ്യ എന്റെ ചീത്തമകനുമാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഞങ്ങളെ രണ്ടുപേരേയും അവര്‍ ഒരുപോലെ സ്‌നേഹിച്ചിരുന്നു. ഇനി അവരെ കാണാനാവില്ല എന്ന് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല.
ഇനി അവരെ ഗുജറാത്തിലേക്ക് ക്ഷണിക്കാന്‍ എനിക്ക് കഴിയില്ലല്ലോയെന്നും ജിഗ്നേഷ് ചോദിക്കുന്നു. ഇത് ജനാധിപത്യത്തിന്റേയും യുക്തിയുടേയും കൊലപാതകമാണ്. കറുത്തപിശാചുക്കളുടെ കരങ്ങളാല്‍ സുന്ദരമായ ഒരു ആത്മാവാണ് ഇല്ലാതായത്. ഗൗരി, താങ്കള്‍ എന്നും എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. – മെവാനി പറയുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകം അവരുടെ ദൃഢതയെ ശക്തിപ്പെടുത്തുന്നതാണെന്നായിരുന്നു കനയ്യകുമാറിന്റെ പ്രതികരണം.
Dont Miss ‘കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിയ്ക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങള്‍ മരിക്കില്ല. ഞങ്ങള്‍ക്ക് പേടിയില്ല. പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തുന്നു. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന് എന്നും ശക്തിപകര്‍ന്ന വ്യക്തിത്വമായിരുന്നു ഗൗരിലങ്കേഷിന്റേത്- കനയ്യ കുറിക്കുന്നു.
ഞെട്ടലാണ് ആദ്യം തോന്നിയത്. വെറുപ്പിനെതിരായ പോരാട്ടത്തില്‍ എന്നും അവര്‍ നിര്‍ഭയയായിരുന്നു. നിങ്ങള്‍ തുടങ്ങിവെച്ച പോരാട്ടം ഞങ്ങളിലൂടെ തുടരും. അവര്‍ എനിക്ക് അമ്മയെപ്പോലെയായിരുന്നു. എന്നും എന്റെ ഹൃദയത്തില്‍ നിങ്ങള്‍ ജീവിക്കും. – കനയ്യ പറയുന്നു.
ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ അഭിനവ ഭാരതം പോലുള്ള ഹിന്ദുത്വ സംഘപരിവാര്‍ തീവ്രവാദശക്തികളുടെ പങ്ക് അന്വേഷിക്കേണ്ടതായുണ്ടെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ് ല റാഷിദ് പറയുന്നു.
ഇത്തരമൊരു കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ ഒരു ഏജന്‍സിയും തയ്യാറാവില്ലെന്നതാണ് ദു:ഖകരം. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വ്യക്ത്വത്വങ്ങളില്‍ ഒരാളാണ് ഗൗരി ലങ്കേഷ് എന്നും ഷെഹ്‌ല റാഷിദ് പറയുന്നു.
“ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം ഞെട്ടിച്ചെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് പ്രതികരിച്ചു. കൊലപാതകത്തിനായി അവര്‍ ഉപയോഗിച്ച ബുള്ളറ്റുകള്‍ക്ക് ഗൗരിയുടെ ആശയങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല.
ഒരു മാധ്യമപ്രവര്‍ത്തക എന്നതില്‍ കവിഞ്ഞ ബന്ധം എനിക്ക് അവരുമായി ഉണ്ടായിരുന്നു. ജെ.എന്‍.യുവിലെ ഞങ്ങളുടെ പോരാട്ടങ്ങളെ എന്നും പിന്തുണയ്ക്കുന്ന വ്യക്തിയായിരുന്നു അവര്‍. എന്നെ മകനായി അവര്‍ കണ്ടു. അതിലുപരി നല്ലൊരു സുഹൃത്തായി കണ്ടു. ഞാനും കനയ്യയും ജിഗ്നേഷും മക്കളുടെ സ്ഥാനത്താണെന്ന് അവര്‍ എന്നും പറയുമായിരുന്നു- ഉമര്‍ ഖാലിദ് കുറിക്കുന്നു.