ഉപജീവനത്തിനെന്നു പറഞ്ഞ് സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്സി ഒരുകൂട്ടം സ്ത്രീകളുടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിച്ചതിങ്ങനെ
Labour Exploitation
ഉപജീവനത്തിനെന്നു പറഞ്ഞ് സര്‍ക്കാര്‍ കൊണ്ടുവന്ന ഷീ ടാക്സി ഒരുകൂട്ടം സ്ത്രീകളുടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിച്ചതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2017, 7:51 pm

 

“ജീവിതത്തില്‍ എന്തെങ്കിലും സമ്പാദിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഷീ ടാക്‌സി പദ്ധതിയ്‌ക്കൊപ്പം ഇറങ്ങിയത്. തുടക്കത്തില്‍ പറഞ്ഞത് ഓട്ടം കോള്‍ സെന്റര്‍ വഴി കിട്ടിക്കൊള്ളുമെന്നും പരസ്യം വഴി ലോണടയ്ക്കാനുള്ള വരുമാനവും കിട്ടുമെന്നുമായിരുന്നു. എന്നാല്‍ ഈയൊരു പദ്ധതിയിലൂടെ ഞങ്ങളെപ്പെടുത്തുകയായിരുന്നു. ഈ പദ്ധതി തുടങ്ങിയതു കൊണ്ട് ഞങ്ങളെപ്പോലുള്ളവരുടെ ജീവിതം വഴിമുട്ടി. ജീവിതത്തില്‍ എന്തെങ്കിലും സമ്പാദിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതിക്കൊപ്പം ഇറങ്ങിയത്. പക്ഷേ ഉള്ളതെല്ലാം നഷ്ടപ്പെട്ടു. ആരാണോ ഇതിന് അനുമതി കൊടുത്തത് അവരൊക്കെ വെള്ളം കുടിക്കാതെ ചാകും”. ഷീ ടാക്‌സി പദ്ധതിയാരംഭിച്ച് മൂന്നു വര്‍ഷം കഴിയവേ കോഴിക്കോട്ടെ ഡ്രൈവര്‍ ആന്‍സി പറയുന്നതിങ്ങനെ.

ഇത് ഒരു ആന്‍സിയടെ മാത്രം കഥയല്ല, തുടക്കത്തില്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ജെന്‍ഡര്‍ കോര്‍ണറും കോള്‍സെന്ററും നടപ്പിലാക്കിയ പദ്ധതിയിലകപ്പെട്ട കോഴിക്കോട്ടെ മറ്റു ഷീ ടാക്‌സി ഡ്രൈവര്‍മാരുടെയും അവസ്ഥ ഇതു തന്നെയാണ്. നിത്യച്ചെലവും ബാങ്ക് വായ്പയും എങ്ങനെ അടയ്ക്കണമെന്നറിയാതെ സ്ത്രീ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലാണ്. ജില്ലയില്‍ ഷീടാക്സികള്‍ ആരംഭിച്ചിട്ട് മൂന്നുവര്‍ഷമാകുന്നെങ്കിലും സ്ഥിരമായി ഓട്ടം ലഭിക്കാതെ വലയുകയാണിവര്‍.

ആദ്യഘട്ടത്തില്‍ നാല് ടാക്സികളാണ് ഓടിത്തുടങ്ങിയത്. കാറുകളുടെ എണ്ണം കൂട്ടാമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഈ മേഖലയിലെത്തിയത്. എന്നാല്‍, ഇവര്‍ക്ക് ഒരു ഓട്ടം ലഭിച്ചിട്ട് നാളുകളായി. ഓട്ടമില്ലാതെയായതോടെ പലരുടെയും വാഹനങ്ങള്‍ ഷെഡ്ഡില്‍ കയറ്റിയിരിക്കുകയാണ്.

Image result for she taxi

 

താമരശേരി സ്വദേശിയായ ആന്‍സി ഷീ ടാക്‌സിയിലെത്തുന്നത് ഭര്‍ത്താവിനു സുഖമില്ലാതിരുന്ന സമയത്താണ്. വനിതാ വികസന കോര്‍പ്പറേഷന്റെ പത്ര പരസ്യം കണ്ടിട്ടായിരുന്നു ഇവര്‍ പദ്ധതിയില്‍ പങ്കാളിയായത്. എന്നാല്‍ പദ്ധതിയാരംഭിച്ചവര്‍ പാതിവഴിയില്‍ കൈ ഒഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് കുടുംബം.

തിരുവനന്തപുരം ആസ്ഥാനമായുള്ള കോള്‍ സെന്റര്‍ പൂട്ടിയതാണ് ഷീടാക്സികള്‍ കൂടുതല്‍ പ്രതിസന്ധിയിലാവാന്‍ കാരണം. പിന്നീട് വനിതാ വികസന കോര്‍പ്പറേഷന്‍ 181 ( മിത്ര ) പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇതുവഴി ഇതുവരെ ഓട്ടമൊന്നും കിട്ടിയിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

“ഞങ്ങള്‍ക്ക് 181 നമ്പറില്‍ നിന്ന് ഇതുവരെ ഓട്ടമൊന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്നത് ഞങ്ങളുടെ പേഴ്‌സണല്‍ ഓട്ടം മാത്രമാണ്. തുടക്കത്തില്‍ അവര്‍ പറഞ്ഞതൊന്നും കിട്ടുന്നില്ല. ഞങ്ങളുടെ വസ്തുവകള്‍ക്ക് ജപ്തി നോട്ടീസ് തന്നിരിക്കുകയാണവര്‍. എല്ലാവരുടെയും അവസ്ഥ തന്നെയാണിത്.” ആന്‍സി ഡ്യൂള്‍ന്യൂസിനോട് പറഞ്ഞു.

ജപ്തിയായപ്പോള്‍ ഉണ്ടായതെല്ലാം വിറ്റിട്ട് കുടിശ്ശിക തീര്‍ക്കുകയാണുണ്ടായതെന്നും നോട്ടീസ് ദിവസവും വരുമ്പോള്‍ അതല്ലാതെ വേറൊരു വഴിയുമുണ്ടായിരുന്നില്ലെന്നും ആന്‍സി കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ ഇറങ്ങിയതോടെ കയ്യിലുള്ള സമ്പാദ്യമെല്ലാം നഷ്ടപ്പെടുകയായിരുന്നെന്നും തലയക്ക് മകളില്‍ തൂങ്ങി നില്‍ക്കുന്ന വാളായി ഇത് മാറിയെന്നും ആന്‍സി പറയുന്നു.

Image result for she taxi

 

“ഈ പ്രസ്ഥാനം ആരു ഇറക്കിയതാണേലും ഞങ്ങളെ വലിയൊരു കുഴിയിലാണ് ചാടിച്ചത്.” ആന്‍സി പറഞ്ഞു. ആദ്യഘട്ടത്തില്‍ പദ്ധതിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒന്നായിരുന്നു കെ.എസ്.ഡബ്ല്യൂ.ഡി.സി. എന്നാല്‍ ഇപ്പോ ഇവര്‍ മുഖാന്തിരം നടത്തുന്ന ഒന്നായി ഇത് മാറി. തുടര്‍ന്നുപോകാന്‍ താല്‍പ്പര്യമില്ലെന്നും ഉള്ളതും നഷ്ടപ്പെടുത്തിയാണ് ഇപ്പോ ജീവിക്കുന്നതെന്നും പറയുന്ന ആന്‍സി ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ കിടപ്പാടം വരെ ഇല്ലാതായിപോകുമെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെയോ കോര്‍പ്പറേഷന്റെയോ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ആകെ കിട്ടിയത് ആദ്യഘട്ടത്തിലെ 50,000 രൂപ സബ്‌സിഡി മാത്രമാണെന്നും പറഞ്ഞ ആന്‍സി 2,14,000 രൂപ കുടിശിക വന്നപ്പോള്‍ പിഴ പലിശയെങ്കിലും ഒഴിവാക്കി തരണമെന്ന അപേക്ഷിച്ചിരുന്നെങ്കിലും അതും നടപ്പിലായില്ലെന്ന് പറയുന്നു. മാസത്തില്‍ 16,500 രൂപയാണ് ആന്‍സിയുടെ അടവ്.

താമരശേരി സ്വദേശിയായ ആന്‍സി പദ്ധതിയുടെ ആവശ്യത്തിനായി മലാപ്പറമ്പില്‍ 7000 രൂപ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നു. എന്നാല്‍ ഓട്ടം ലഭിക്കാതെയായതോടെ വണ്ടിയുടെ വാടകയും വീടിന്റെ വാടാകയും താങ്ങാന്‍ കഴിയാതെ ആറുമാസത്തിനുള്ളില്‍ തിരിച്ച് പോവുകയായിരുന്നു.

വണ്ടി വാങ്ങിയ സമയത്ത് ഇന്‍ഷുറന്‍സ് തുകയില്‍ വലിയ കൃത്രിമത്വം ഇന്‍ഷുറന്‍സ് കമ്പനി കാണിച്ചിട്ടുണ്ടെന്നും ആന്‍സി പറയുന്നു. 22,000 രൂപ ഇന്‍ഷുറന്‍സ് ഇനത്തില്‍ അടച്ചിരുന്നതെങ്കിലും രേഖയില്‍ 6,880 രൂപ മാത്രമാണ് കാണിച്ചിരുന്നതെന്നും ആന്‍സി ആരോപിച്ചു.

 

അതേസമയം തിരുവനന്തപുരത്തെ കോള്‍സെന്റര്‍ പ്രവര്‍ത്തനരഹിതമായപ്പോള്‍ ടോള്‍ ഫ്രീ നമ്പര്‍ ആവിഷ്‌കരിച്ച ഡിപ്പാര്‍ട്‌മെന്റ് നഗരത്തിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് നാലുപേര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കാന്‍ തയ്യാറായെങ്കിലും ഡ്രൈവര്‍മാരില്‍ നിന്ന് പോസിറ്റീവായ സമീപനം ഉണ്ടായില്ലെന്നാണ് വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് റീജിയണല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ഇക്ര ഹോസ്പിറ്റല്‍, പാരമൗണ്ട്, യു.എല്‍.സി.സിഎസ് എന്നിവരുടെ ട്രിപ്പുകളാണ് ഇവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നതെന്നും റീജിയണല്‍ മാനേജര്‍ പറഞ്ഞു. “കഴിഞ്ഞയാഴ്ചയാണ് ഇക്ര ഹോസ്പിറ്റലിന്റെ ട്രിപ്പുകള്‍ ഇവര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ നാലു ഡ്രൈവര്‍മാരുമായും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവരാരും ഈ കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ചിലര്‍ ട്രിപ്പുകളുണ്ടെന്നും ഈ ഓട്ടം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നുമായിരുന്നു പറഞ്ഞത്.” ഫൈസല്‍ മുനീര്‍ പറഞ്ഞു.

എന്നാല്‍ ഈ വാഗ്ദാനം സ്വീകരിക്കുകയാണെങ്കില്‍ വണ്ടിയുടെ ലോണടവും മറ്റു ചിലവുകളും ഒത്തുപോകില്ലെന്നാണ് കോഴിക്കോട്ടെ മറ്റൊരു ഷീ ടാക്‌സി ഡ്രൈവറായ സ്വപ്ന ഡൂള്‍ ന്യൂസിനോട പറഞ്ഞത്. “കോര്‍പ്പറേറ്റ് ട്രിപ്പ് താരമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. മാസം 28,000 രൂപയാണ് തരിക. 24 മണിക്കൂറും അവര്‍ക്ക് സേവനം ആവശ്യവുമാണ്. എപ്പോ വിളിച്ചാലും പോകണം. ഒരു ലീവോ കാര്യങ്ങളോ ഒന്നുമില്ല. രാത്രിയിലടക്കം വിളിച്ചാലും പോകണം. പകല്‍ മുഴുവന്‍ അവിടെത്തന്നെ വേണം രാത്രി വിളിച്ചാല്‍ മാത്രം പോയാല്‍ മതി എന്നാണ് അവര്‍ പറയുന്നത്.” സ്വപ്ന പറയുന്നു.

 

കോര്‍പ്പറേഷന്‍ പദ്ധതി പ്രകാരം മാസത്തില്‍ 1500 കിലോമീറ്ററിനാണ് 28,000 രൂപ ലഭിക്കുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമാണ് ലഭിക്കുക. ഇതുവഴി ചിലവുകള്‍ നടക്കില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. പത്തുവര്‍ഷത്തെ ടാക്‌സ് ഒന്നിച്ചടക്കണമെന്നും ഇന്‍ഷുറന്‍സ് 26,000 രൂപ അടക്കണമെന്നും കാണിച്ച് സ്വപ്നയ്ക്കിപ്പോള്‍ നോട്ടീസ് വന്നിട്ടുണ്ട്. ഇത് ഞങ്ങളുടേത് മാത്രമല്ലെന്നും എറണാകുളം തിരുവനന്തപുരം തുടങ്ങി എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

“എന്റെ വണ്ടിക്ക് മാസം 12,000 രൂപയാണ് അടവ് വരുന്നത്. അതുപോലും ഈ ഓട്ടത്തിലൂടെ ലഭിക്കുന്നില്ല. മൂന്നാമത്തെ വര്‍ഷമാണിത്. നമ്മുടെ കോള്‍സെന്ററും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കോള്‍ സെന്റര്‍ മുഖേന ഒറ്റ ട്രിപ്പും ഇപ്പോള്‍ ഇല്ല. ഓഗസ്റ്റിനു മുമ്പും വളരെ കുറവായിരുന്നു എന്നാലും ചിലത് ലഭിക്കാറുണ്ടായിരുന്നു.” സ്വപ്ന പറഞ്ഞു.

വണ്ടിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളതെന്നും ലോണുള്ളത് കൊണ്ട് ഇതില്‍ നിന്ന് പിന്മാറാനും കഴിയുകയില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഒരു പദ്ധതിക്കായി ഇറങ്ങി ജീവിതമാര്‍ഗം നിലച്ചെന്നാണ് ഇവര്‍ പറയുന്നത്.

താനിപ്പോള്‍ ഒരുമാസമായി “ഓല”യില്‍ ഓടുകയാണെന്നും. അതുകൊണ്ട് അത്യാവശ്യം ഓട്ടം ലഭിക്കുന്നുണ്ടെന്നും സ്വപ്ന പറഞ്ഞു. മറ്റു വഴിയില്ലാത്തതിനാലാണ് താന്‍ ഓലയില്‍ അറ്റാച്ച് ചെയ്തതെന്നും അവര്‍ പറയുന്നു.

ജെന്‍ഡര്‍കോര്‍ണര്‍ നടപ്പിലാക്കിയ പദ്ധതിയില്‍ കോഴിക്കോട് ആദ്യഘട്ടത്തില്‍ നാലു വാഹനങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ഇത് വര്‍ധിപ്പിക്കും എന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വാഹനങ്ങളുടെ എണ്ണം കൂട്ടിയില്ലെന്നു മാത്രമല്ല ബാധ്യതകള്‍ മൂലം ഒരാള്‍ ഇത് നിര്‍ത്തുകയും ചെയ്തു.

കോഴിക്കോട്ടെ മറ്റൊരു ഡ്രൈവറായ ജീജ കഴിഞ്ഞ ഒരു മാസമായി വണ്ടി എടുക്കാറില്ല. കെ.എസ്.ഡബ്ല്യൂ.ഡി.സിയുടെ ടോള്‍ഫ്രീ നമ്പര്‍ വഴി തനിക്ക് ഒരു ട്രിപ്പും വന്നിരുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും പറഞ്ഞ ജീജ ബാധ്യത മൂലമാണ് വാഹനം ഒഴിവാക്കിയതെന്നും കടം മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളുവെന്നും പറയുന്നു.

Image result for she taxi

 

കോര്‍പ്പറേറ്റ് ട്രിപ്പ് വാഗ്ദാനവുമായി വനിതാ വികസന കോര്‍പ്പറേഷന്‍ തന്നെയും സമീപിച്ചിരുന്നെന്ന് ആന്‍സി പറയുന്നു. എന്നാല്‍ അവരുടെ നിബന്ധനകള്‍ അംഗീകരിക്കാാന്‍ കഴിയുന്നതായിരുന്നില്ലെന്നാണ് ആന്‍സിയും പറയുന്നത്. “അതുകൊണ്ട് താമരശേരിയില്‍ നിന്ന് അവിടെ വന്ന് എടുക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. അത് അവര്‍ എന്നെക്കൊണ്ട് എഴുതി വാങ്ങിക്കുകയായിരുന്നു.” അവര്‍ പറഞ്ഞു.

വണ്ടി വാങ്ങുമ്പോഴുണ്ടായ നിബന്ധനകളും ബാധ്യത വര്‍ധിക്കാന്‍ കാരണമായതായി ആന്‍സി പറയുന്നു. താന്‍ ടാക്‌സി ഉപയോഗത്തിനായി ചോദിച്ച കാര്‍ ഡിസൈര്‍ വി.ഡി.ഐ ആയിരുന്നെന്നും എന്നാല്‍ അത് ടാക്‌സി ഉപയോഗത്തിന് പറ്റില്ലെന്നു പറഞ്ഞതിനാലാണ് എര്‍ട്ടിഗ വാങ്ങാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“ഈയൊരു പദ്ധതിയിലൂടെ ഞങ്ങളെപ്പെടുത്തുകയായിരുന്നു. പത്ത് ദിവസത്തിനകം കുടിശിക ലഭിച്ചില്ലെങ്കില്‍ ജാമ്യമായി വെച്ചിട്ടുള്ളത് ഈടാക്കി ജപ്തി ചെയ്യുമെന്നാണ് ഭീഷണി.” ആന്‍സി പറഞ്ഞു.

എന്നാല്‍ വനിതാ വികസന കോര്‍പറേഷന്‍ ഷീ ടാക്‌സി സംവിധാനത്തിനായി വായ്പ അനുവദിക്കുക മാത്രമായിരുന്നെന്ന് കോഴിക്കോട് റീജിയണല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജെന്‍ഡര്‍ പാര്‍ക്കും കോള്‍ സെന്ററും ചേര്‍ന്ന ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നിതെന്നും സന്നദ്ധരായി വന്നവര്‍ക്ക് വായ്പ അനുവദിക്കുകയായിരുന്നെന്ന് കോര്‍പ്പറേഷനെന്നും ഇവര്‍ പറയുന്നു.

Related image

നല്ലൊരു പ്രൊജക്ട് ആയിരുന്നിതെന്നും ചില പ്രശ്‌നങ്ങള്‍ പദ്ധതിയെ ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞ ഓഫീസര്‍ സര്‍ക്കാരിനൊപ്പം ഷീ ടാക്‌സി ഡ്രൈവര്‍മാരും സഹകരിക്കുന്നുണ്ടെങ്കില്‍ ഇത് നല്ല രീതിയില്‍ തന്നെ മുന്നേറുമായിരുന്നെന്നും പറയുന്നു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രര്‍ത്തിച്ചിരുന്ന ടോള്‍ ഫ്രീ നമ്പറിന്റെ പ്രവര്‍ത്തനം ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് സ്ഥിരീകരിച്ച ഓഫീസര്‍ കോര്‍പ്പറേഷന്‍ വഴി 181 ( മിത്ര ) പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്നും ഇതു വഴി ഡ്രൈവര്‍മാര്‍ക്ക് ഓട്ടം നല്‍കാന്‍ കോര്‍പ്പറേഷന്‍ തന്നെ മുന്‍കൈയ്യെടുത്തെന്നും അവകാശപ്പെട്ടു.

സര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും ഇരുവിഭാഗവും ഒരു പോലെ സഹകരിച്ചാല്‍ മാത്രമേ ഏത് പദ്ധതിയും വിജയിക്കുകയുള്ളുവെന്നും മാധ്യമങ്ങളിലൂടെ ഇവര്‍ ബാധ്യതയിലാണെന്ന വാര്‍ത്തകള്‍ അറിഞ്ഞ ശേഷമാണ് കോര്‍പ്പറേറ്റുകളുമായി ചേര്‍ന്നുള്ള ഈ പദ്ധതി മുന്നോട്ട് വച്ചതെന്നും പറയുന്ന ഓഫീസര്‍ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.

ആറുലക്ഷത്തിലധികം വില വരുന്ന സ്വിഫ്റ്റ് ഡിസൈര്‍, എര്‍ട്ടിഗ തുടങ്ങിയ കാറുകളാണ് ഷീ ടാക്സികളായി നിരത്തിലിറങ്ങിയത്. ടാക്സികള്‍ നിരത്തിലിറങ്ങിയ ആദ്യമാസങ്ങളില്‍ ഓട്ടം ലഭിച്ചിരുന്നെങ്കിലും ഓണ്‍ലൈന്‍ ടാക്സികള്‍ അടക്കമുള്ളവയെ യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ സ്ത്രീഡ്രൈവര്‍മാര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. കൂടാതെ പൊതുജനങ്ങള്‍ക്കിടയില്‍ ടാക്സിയെക്കുറിച്ച് ധാരണയില്ലാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. ടാക്സികള്‍ ബുക്കുചെയ്യാന്‍ അധികൃതര്‍ നല്‍കിയിരുന്ന 8590000543 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഷീ ടാക്സികള്‍ ജില്ലയില്‍ നിലവിലില്ലെന്ന വിവരമാണ് ലഭിക്കുക.

ഏതു രാത്രിയിലും സ്ത്രീകള്‍ക്ക് പേടിയില്ലാതെ സഞ്ചരിക്കാന്‍ കഴിയുമെന്നു പറഞ്ഞാണ് ഷീടാക്സി കൊണ്ടുവന്നത്. എന്നാലിപ്പോള്‍ അതിന്റെ ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്ന സ്ഥിതിയാണെന്നാണ് ഷീടാക്സി ഡ്രൈവര്‍മാരെല്ലാം ഒരുപോലെ പറയുന്നത്.