| Friday, 16th September 2016, 1:28 pm

ഐ.എസ് ലൈംഗിക വ്യാപാരത്തിന്റെ ഇര ഇനി യു.എന്‍ ഗുഡ്‌വില്‍ അംബാസിഡര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദിയയുടെ അംബാസിഡര്‍ഷിപ്പ് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ ദുരവസ്ഥ മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുമെന്ന് നാദിയയെ അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ വിജ്ഞാപനമിറക്കി.


ന്യൂയോര്‍ക്ക്: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക വ്യാപാരത്തിന് ഇരയായ നാദിയ മുറാദിനെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസിഡറായി തെരെഞ്ഞെടുത്തു.

നാദിയയുടെ അംബാസിഡര്‍ഷിപ്പ് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ ദുരവസ്ഥ മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുമെന്ന് നാദിയയെ അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ വിജ്ഞാപനമിറക്കി.

19 വയസുള്ളപ്പോഴാണ് 2014ല്‍ നാദിയയെ ഐ.എസ് തീവ്രവാദികള്‍ ഇറാഖിലെ അവളുടെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. യസീദി സമുദായത്തിലെ നാദിയയുടെ കുടുംബത്തിലെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്.

സഹോദരങ്ങളെയും മാതാപിതാക്കളേയും കണ്‍മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം നാദിയയെ തീവ്രവാദികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും വില്‍പ്പന ചരക്കാക്കുകയും ചെയ്തു.

ഒരിക്കല്‍ ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ ബോധം നഷ്ടമായിട്ടും ആറു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് 2015ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ തന്റെ ഇരുണ്ട അനുഭവങ്ങള്‍ വിവരിച്ച് നാദിയ പറഞ്ഞിരുന്നു. ഒടുവില്‍ ജര്‍മ്മനിയില്‍ അഭയം പ്രാപിച്ച നാദിയ, നിരവധി യുവതികള്‍ ഇപ്പോഴും ഐ.എസിന്റെ തടവറയില്‍ ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നവര്‍ക്കും കൂട്ടക്കുരുതിയുടെ ഇരകള്‍ക്കും മനുഷ്യക്കടത്തിനും ക്രൂരതകള്‍ക്കും ഇരയായവര്‍ക്കും സമര്‍പ്പിച്ചായിരിക്കും യു.എന്നിന്റെ സഹായത്തോടെ പുതിയ സ്ഥാനത്തിരുന്നുള്ള ദൗത്യമെന്ന് നാദിയ മുറാദ് തന്റെ സ്വകാര്യ വെബ്‌സൈറ്റിലൂടെ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more