| Sunday, 14th April 2019, 9:46 am

''അവള്‍ പാക്കിസ്ഥാനിയാണ് ഇവിടെ ആവശ്യമില്ല'' ; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് അസ്സം മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സില്‍ചര്‍(അസ്സം): കോണ്‍ഗ്രസ് എം.പിയും സില്‍ചര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ സുഷ്മിത ദേവിനെ അധിക്ഷേപിച്ച് അസ്സം ധനമന്ത്രി ഹിമാനന്ത ബിശ്വ. സുഷ്മിത പാക്കിസ്ഥാനിയാണെന്നും അവര്‍ക്ക് ഇവിടെ എന്താണ് കാര്യമെന്നുമായിരുന്നു ബി.ജെ.പി മന്ത്രിയുടെ ചോദ്യം.

ബി.ജെ.പി സ്ഥാനാര്‍ത്ഥി രജ്ദീപ് റോയ്ക്ക് വേണ്ടി ബാര്‍കോലയില്‍ നടന്ന പൊതുപരിപാടിയില്‍ വോട്ട് ചോദിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പാക് പരാമര്‍ശം.

” പ്രധാനമന്ത്രി മോദിയാണ്, മുഖ്യമന്ത്രി സോനോവാള്‍, ഞാന്‍ ഇവിടുത്തെ മന്ത്രിയാണ്. കിഷോര്‍ നാഥ് എം.എല്‍.എയും. ഇങ്ങനെയൊക്കെയായിരിക്കെ സുഷ്മിത ദേബിന് ഇവിടെ എന്താണ് കാര്യം. എല്ലാം ഇന്ത്യക്കാരായിരിക്കെ അതിനിടയില്‍ എന്തിനാണ് ഒരു പാക്കിസ്ഥാനി? അത് ഇവിടെ വിലപ്പോവുമെന്ന് തോന്നുന്നുണ്ടോ? ഒന്നും നടക്കാന്‍ പോകുന്നില്ല. പാക്കിസ്ഥാനികളെ ഇവിടെ ആവശ്യമില്ല- മന്ത്രി പറഞ്ഞു.

” സുഷ്മിത ദേവിനെ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം മനസിലാകും. അവര്‍ പരിഭ്രാന്തിയിലാണ്. ആദ്യം അവര്‍ രാഹുല്‍ ഗാന്ധിയെ കൊണ്ടുവന്നു. പിന്നീട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സുഹൃത്ത് നവജ്യോത് സിങ് സിദ്ധുവിനെ. ഇന്നലെ അവര്‍ വീണ്ടും പ്രിയങ്കയെ കൊണ്ടുവന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും തോല്‍വി ഉറപ്പാണന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് ഈ വെപ്രാളം”-എന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഏപ്രില്‍ 18 നാണ് സില്‍ച്ചാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും രണ്ട് ലക്ഷം വോട്ടിന്റെ മാര്‍ജിനില്‍ വിജയിക്കുമെന്നും ഹിമാനന്ത ബിശ്വ പറഞ്ഞു. രാജ്യത്തിന് വികസനം ഉണ്ടാകണമെങ്കില്‍ മോദിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മന്ത്രിയുടെ പാക് പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എതിരാളികളെ പാക്കിസ്ഥാനികളാക്കുന്ന രീതി ബി.ജെ.പി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more