| Wednesday, 7th August 2024, 10:29 pm

'ഹൃദയങ്ങളില്‍ അവളൊരു യഥാര്‍ത്ഥ ചാമ്പ്യനായി തുടരുന്നു..' വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മമ്മൂട്ടിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ പാരിസ് ഒളിമ്പിക്സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന്റെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് ഒളിമ്പിക്‌സ് കമ്മിറ്റി താരത്തെ അയോഗ്യയാക്കിയത്.

അതില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിന്റെ ഇടയില്‍ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെ വിനേഷ് ഫോഗട്ടിന്റെ ഫോട്ടോ പങ്കുവെച്ചാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്. വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെക്കുറിച്ച് കേള്‍ക്കുന്നത് ഹൃദയഭേദകമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ അവള്‍ ഒരു യഥാര്‍ത്ഥ ചാമ്പ്യനായി തുടരുന്നുമെന്നും നടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

‘വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെക്കുറിച്ച് കേള്‍ക്കുന്നത് ഹൃദയഭേദകമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളില്‍ അവള്‍ ഒരു യഥാര്‍ത്ഥ ചാമ്പ്യനായി തുടരുന്നു. അവളുടെ സഹിഷ്ണുതയും അര്‍പ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കും. വിനേഷ്, നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും,’ മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിക്ക് പുറമെ നിരവധി സിനിമാ താരങ്ങള്‍ നേരത്തെ തന്നെ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി എത്തിയിരുന്നു. ആലിയ ഭട്ട്, സമാന്ത രുത്ത് പ്രഭു, പാര്‍വതി തിരുവോത്ത്, വിക്കി കൗഷല്‍, ഫര്‍ഹാന്‍ അക്തര്‍, കരീന കപൂര്‍, തപ്‌സി പന്നു, ഫാത്തിമ സന ഷെയ്ഖ്, രാകുല്‍പ്രീത് സിങ് തുടങ്ങിയ നിരവധി ആളുകളാണ് മുന്നോട്ട് വന്നത്.

വിനേഷ് ഫോഗട്ട് രാജ്യത്തിനാകെ ഒരു പ്രചോദനമാണെന്നും ഒന്നിനും അവരുടെ സഹിഷ്ണുതയും ധൈര്യവും ചരിത്രം സൃഷ്ടിക്കാന്‍ അവള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘വിനേഷ് നിങ്ങളാണ് ഞങ്ങളുടെ ഗോള്‍ഡ് മെഡല്‍’ എന്നായിരുന്നു പാര്‍വതി തിരുവോത്ത് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്.

Content Highlight: She Remains A True Champion In Hearts, Mammootty’s Facebook Post Supports Vinesh Phogat

We use cookies to give you the best possible experience. Learn more