കൊല്‍ക്കത്ത: ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ത്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ബാബൂള്‍ സുപ്രിയോ. കേന്ദ്രസര്‍ക്കാരിനെ പാടെ നിഷേധിക്കുന്ന നയമാണ് മമത സ്വീകരിക്കുന്നതെന്നും സുപ്രിയോ പറഞ്ഞു. ഇന്ത്യ ടുഡെ കോണ്‍ക്ലേവ് 2021 ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ ഫെഡറല്‍ ഘടന മമത തകര്‍ത്തു. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തേണ്ട സേവനങ്ങളെ പാടെ അവഗണിക്കുന്ന മമത സംസ്ഥാനം ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനത്തെയും വെട്ടിക്കുറയ്ക്കുന്നു, സുപ്രിയോ പറഞ്ഞു.
അതേസമയം രാജ്യത്തെ ജനങ്ങളുടെ മതവിശ്വാസത്തിലും മമത കൈകടത്തുന്നുവെന്നും സുപ്രിയോ ആരോപിച്ചു. ജനങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളെ വെച്ചും ഭിന്നിപ്പ് ഉണ്ടാക്കാനാണ് മമത ശ്രമിക്കുന്നതെന്നായിരുന്നു സുപ്രിയോയുടെ വിമര്‍ശനം.
‘ദൈവങ്ങളുടെ പേരിലും ഭിന്നിപ്പ് ഉണ്ടാക്കുകയാണ് മമത. നമുക്ക് മൊത്തം 33 കോടി ദൈവങ്ങളുണ്ട്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനനുസരിച്ച് ഓരോ ദൈവങ്ങളെ ആരാധിക്കുന്നു. എന്നാല്‍ അധികാരത്തിലേറുന്നതിന് മുമ്പ് ബംഗാളിന് വാഗ്ദാനം ചെയ്ത കാര്യങ്ങളല്ല ഇപ്പോള്‍ മമത അവിടെ ചെയ്യുന്നത്’, സുപ്രിയോ പറഞ്ഞു.
അതേസമയം ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യ എതിരാളിയായ ബി.ജെ.പിയും തമ്മില്‍ തെരഞ്ഞെടുപ്പ് പോര് മുറുകുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷായ്ക്ക് നേരെ പരസ്യ വെല്ലുവിളിയുമായി മമത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അമിത് ഷായ്ക്ക് ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ തന്നോടൊപ്പം മത്സരിക്കൂ എന്നായിരുന്നു മമതയുടെ വെല്ലുവിളി.
‘നന്ദിഗ്രാമില്‍ തനിക്കെതിരെ പോരാടാന്‍ അമിത് ഷായ്ക്ക് കഴിയുമോ എന്ന് ചോദിക്ക്’, മമത പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് തൃണമൂലിനെ കാത്തിരിക്കുന്നതെന്നും തനിക്ക് അക്കാര്യത്തില്‍ 110 ശതമാനം ഉറപ്പുണ്ടെന്നും മമത പറഞ്ഞു.
എനിക്ക് 110 ശതമാനം ഉറപ്പുണ്ട്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. 221 സീറ്റുകളില്‍ കൂടുതല്‍ തൃണമൂല്‍ നേടിയിരിക്കും, മമത വ്യക്തമാക്കി.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Babul Supriyo Slams Mamatha Banerjee