ന്യൂദല്‍ഹി: കത്‌വ കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്വേതാംബരി ശര്‍മയ്‌ക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ്മ. ശ്വേതാംബരി ശര്‍മ്മയുടെ ബുദ്ധിക്കപ്പുറത്തുള്ള കാര്യമാണ് കേസ് തെളിയിക്കലെന്നും അങ്കുര്‍ ശര്‍മ്മ പറഞ്ഞു.
അവരൊരു സ്ത്രീയാണ് പോരാത്തതിന് പുതിയ ഓഫീസറും, ആരോ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അങ്കുര്‍ ശര്‍മ്മ പറഞ്ഞു. കേസിലെ എട്ടു പ്രതികളില്‍ അഞ്ചു പേര്‍ക്ക് വേണ്ടി ഹാജരാവുന്നത് ഇയാളാണ്.
ബലാത്സംഗക്കേസില്‍ ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ ഏക സ്ത്രീയായ ശ്വേതാംബരി ശര്‍മയടക്കമുള്ള ഉദ്യോഗസ്ഥര്‍ വെല്ലുവിളികളെ നേരിട്ടാണ് കേസ് തെളിയിച്ചിരുന്നത്.
“ഒട്ടേറെ പ്രതിബന്ധങ്ങളോടു പൊരുതിയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ നിരാശരായ സമയവുമുണ്ടായിരുന്നു പ്രത്യേകിച്ച് ഈ കേസ് അട്ടിമറിക്കാന്‍ ഹിരാനഗര്‍ പൊലീസ് സ്റ്റേഷനിലുള്ളവര്‍ക്കുവരെ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും അവര്‍ തെളിവുനശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രം കഴുകിയെന്നും മനസിലാക്കിയപ്പോള്‍. എന്നിട്ടും ഈ ബലാത്സംഗവും കൊലപാതക്കുറ്റവും നവരാത്രിദിനങ്ങള്‍ക്കിടെ ഞങ്ങള്‍ പുറത്തുകൊണ്ടുവന്നു. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ദൈവികമായ ഒരു ഇടപെടല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദുര്‍ഗമാതാവിന്റെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.”
“പ്രതികളില്‍ ഭൂരിപക്ഷവും ബ്രാഹ്മണര്‍മാരായതിനാല്‍ അവര്‍ അവരുടെ സര്‍നെയിമുകള്‍ ഊന്നിപ്പറഞ്ഞിരുന്നു. അവര്‍ എന്നെയാണ് സ്വാധീനിക്കാന്‍ പലപ്പോഴും ശ്രമിച്ചത്. നമ്മള്‍ ഒരേജാതിയും മതവുമാണെന്നും ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ഞാന്‍ അവരെ കുറ്റക്കാരാക്കരുതെന്ന് പലതരത്തില്‍ പറയാന്‍ ശ്രമിച്ചു. “ജമ്മു കശ്മീര്‍ പൊലീസിലെ ഒരു ഓഫീസറാണ് ഞാന്‍, എനിക്കൊരു മതവുമില്ല എന്റെ മതം പൊലീസ് യൂണിഫോം മാത്രമാണ്”, എന്ന് ഞാനവരോട് പറഞ്ഞു. കേസ് തെളിയിച്ചതിനെ പറ്റി ശ്വേതാംബരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.