സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു, മമത ബാനർജി രാജിവെക്കണമെന്ന് നിർഭയയുടെ അമ്മ
national news
സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു, മമത ബാനർജി രാജിവെക്കണമെന്ന് നിർഭയയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2024, 8:36 pm

കൊൽക്കത്ത: കൊൽക്കത്ത ആർ.ജെ കാർ മെഡിക്കൽ കോളേജിലെ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ദൽഹി ബലാൽസംഗ കേസിൽ ഇരയായ നിർഭയയുടെ അമ്മ ആശാ ദേവി.

സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരാജയപ്പെട്ടുവെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തന്റെ അധികാരം അവർ ഉപയോഗിച്ചില്ലെന്നും ആശാ ദേവി പറഞ്ഞു. ഒപ്പം മമത പ്രതിഷേധങ്ങൾ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

‘കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനായി തന്റെ അധികാരം ഉപയോഗിക്കുന്നതിനുപകരം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ബാനർജി ശ്രമിച്ചത്.

ഈ വിഷയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മമത ബാനർജി പ്രതിഷേധിക്കുന്നത്. അവർ ഒരു സ്ത്രീയാണ്. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ കുറ്റക്കാർക്കെതിരെ അവർ കർശന നടപടി സ്വീകരിക്കണമായിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മമത പരാജയപ്പെട്ടു. അവർ രാജിവയ്ക്കണം,’ ആശാ ദേവി പറഞ്ഞു. .

മമതാ ബാനർജി വെള്ളിയാഴ്ച കൊൽക്കത്തയിലെ മൗലാലയിൽ നിന്ന് ഡോറിന ക്രോസിങ്ങിലേക്ക് പ്രതിഷേധ റാലി നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ആശാ ദേവിയുടെ പ്രതികരണം.

ബലാൽസംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

‘ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കോടതിയിൽ നിന്ന് വേഗത്തിൽ ശിക്ഷ ലഭിക്കുന്നത് വരെ ഇത്തരം ക്രൂരത ഓരോ ദിവസവും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല. അവർക്ക് എതിരെ ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ ആർക്കും മനസ്സിലാക്കാൻ കഴിയും എന്നും അവർ വിമർശിച്ചു.

ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് വിധേയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിന്നു. കോളേജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും നീതി തേടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുകയാണ്.

 

Content Highlight: She has failed to handle situation’: Nirbhaya’s mother calls for Mamata Banerjee’s resignation