ന്യൂദല്‍ഹി: സുനന്ദ മരിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ അവര്‍ ഐ.പി.എല്ലിനെക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്ന് സുനന്ദയുടെയും തരൂരിന്റെയും അടുത്ത സുഹൃത്ത് സുനില്‍ ട്രക്രു. സുനന്ദ മിരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ താന്‍ സുനന്ദയെ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദ മരിച്ച 2014 ജനുവരി 17നും അതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിലും സുനില്‍ ലീലാപാലസ് ഹോട്ടലില്‍ താമസിച്ചിരുന്നു. ജനുവരി 15, 16 ദിവസങ്ങളില്‍ താന്‍ സുനന്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും 16ാം തീയതിയിലെ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസങ്ങളിലെ കൂടിക്കാഴ്ചയിലും സുനന്ദ ഐ.പി.എല്ലിനെക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് സുനന്ദയുടെ മറ്റ് സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്‌തെന്നാണ് അറിഞ്ഞതെന്നും സുനില്‍ പറഞ്ഞു.
“സുനന്ദയും തരൂരും തന്റെ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ തമ്മില്‍ നല്ലബന്ധത്തിലാണെന്നാണ് ആ കൂടിക്കാഴ്ചയില്‍ സുനന്ദ തന്നോട് പറഞ്ഞത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തനിക്കറിയല്ലെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണ് നിങ്ങള്‍ക്ക് എന്തും ഊഹിക്കാം. ഞാനൊരു സാധാരണക്കാരനാണ് എനിക്ക് അങ്ങനെ ഊഹിക്കാന്‍ അറിയില്ല. എന്റെ മൊഴി പോലീസിന്റെ പക്കലുണ്ട്, നിങ്ങള്‍ക്കത് പരിശോധിക്കാം” എന്നായിരുന്നു സുനന്ദയുടെ മരണം കൊലപാതകമാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
സുനന്ദയെ എപ്പോള്‍ കണ്ടു, എങ്ങനെ കണ്ടു, എന്തൊക്കെയാണ് സംസാരിച്ചത് എന്നാണ് പോലീസ് തന്നോട് ചോദിച്ചതെന്നും സുനില്‍ വ്യക്തമാക്കി. സുനന്ദ പുഷ്‌കറിനെ അറിയുന്നവര്‍ക്ക് അവരെ കൊല്ലേണ്ട കാര്യമില്ലെന്നും അത്തരത്തിലാണ് അവര്‍ മറ്റുള്ളവരോട് പെരുമാറിയിരുന്നത് എന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.