| Saturday, 3rd April 2021, 12:09 pm

മമത മണ്ഡലം മാറി മത്സരിക്കുമെന്ന് അറിയാമായിരുന്നു, പക്ഷേ തെരഞ്ഞെടുത്ത മണ്ഡലം തെറ്റിപ്പോയി: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിടുമന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ. മമത ഭവാനിപൂരില്‍ നിന്ന് ഇത്തവണ ജനവിധി തേടില്ലെന്ന് തുടക്കം മുതലേ തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും എന്നാല്‍ മമത മത്സരിക്കാനായി തെരഞ്ഞെടുത്ത മണ്ഡലം തെറ്റിപ്പോയെന്നും അമിത് ഷാ പറഞ്ഞു.

ഭവാനിപൂരില്‍ നിന്നും ഇത്തവണ മമത രക്ഷപ്പെടുമെന്ന് ആദ്യം തന്നെ എനിക്ക് അറിയാമായിരുന്നു. എന്നാല്‍ അവര്‍ രക്ഷപ്പെട്ട് ഓടിപ്പോയത് തെറ്റായ ഒരു മണ്ഡലത്തിലേക്കാണ്. അവിടേക്കെന്നല്ല അവര്‍ ഏത് മണ്ഡലത്തില്‍ പോയി മത്സരിച്ചാലും അവസ്ഥ ഒന്ന് തന്നെയായിരിക്കും. ഫലം പുറത്തുവരുമ്പോള്‍ 20000 വോട്ടിന്റെ മാര്‍ജിനില്‍ നന്ദിഗ്രാമില്‍ ഞങ്ങള്‍ വിജയിച്ചിരിക്കും. എല്ലാ പഴങ്കഥകളും തകരും. സുവേന്തു അധികാരി വന്‍ വിജയം നേടും, അമിത് ഷാ പറഞ്ഞു.

തൃണമൂലില്‍ നിന്നും നേതാക്കളെ ബി.ജെ.പിയില്‍ എത്തിച്ചതില്‍ പാര്‍ട്ടിയിലെ ചിലര്‍ അസ്വസ്ഥരാണല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു അവസ്ഥ പാര്‍ട്ടിയില്‍ ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

അതാണ് ബി.ജെ.പിയുടെ സംസ്‌ക്കാരം. പിന്നെ ചില പൊട്ടിത്തെറികള്‍ സ്വാഭാവികമാണ്. ഭാരത് മാതാ കീ ജയ് എന്ന ഒറ്റവിളിയിലൂടെ ഇല്ലാതാക്കാവുന്ന പ്രതിഷേധങ്ങള്‍ മാത്രമേ പാര്‍ട്ടിയില്‍ ഉള്ളൂവെന്നും അമിത് ഷാ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amith Shah Against Mamata Banerjee

We use cookies to give you the best possible experience. Learn more