| Saturday, 15th April 2017, 11:24 am

'ജീപ്പിനുമുമ്പില്‍ എന്നെയും കെട്ടിയിട്ട് ഒമ്പതു ഗ്രാമങ്ങളില്‍ അവര്‍ കറങ്ങി' സംഭവിച്ചത് എന്താണെന്ന് കശ്മീരില്‍ സൈന്യത്തിന്റെ അതിക്രമം നേരിട്ട യുവാവ് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: തന്നെ ജീപ്പില്‍ കെട്ടിയിട്ട് സൈന്യം ഒമ്പതു ഗ്രാമങ്ങള്‍ ചുറ്റിയെന്ന് കശ്മീരില്‍ സി.ആര്‍.പി.എഫിന്റെ അതിക്രമത്തിന് ഇരയായ 26കാരന്‍ ഫാറൂഖ് അഹമ്മദ് ദര്‍. താനൊരു കല്ലേറുകാരനല്ലെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ ഒമ്പതിനു രാവിലെ 11 മണിയോടെ നാലു മണിക്കൂറോളമാണ് തന്നെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ടു യാത്രചെയ്തതെന്നും അദ്ദേഹം പറയുന്നു. 25 കിലോമീറ്ററോളം സഞ്ചരിച്ചു. അള്‍ട്ടിഗാമില്‍ നിന്നും സോന്‍പയിലേക്ക്, പിന്നെ നാജന്‍, ചാക്‌പോര, ഹാങ്ജിഗുരൂ, രാവല്‍പോറ, ഖോസ്‌പോറ, അറിസാല്‍ എന്നിവിടങ്ങള്‍ താണ്ടി ഹാര്‍പാന്‍സൂവിലെ സി.ആര്‍.പി.എഫ് കാമ്പിലാണ് യാത്ര അവസാനിച്ചതെന്നും അദ്ദേഹം പറയുന്നു.


Must Read: ‘മനുഷ്യാവകാശത്തിന്റെ വക്താക്കളായ’ ഗംഭീറുമാരും സെവാഗുമാരുമൊക്കെ എവിടെപ്പോയി? കശ്മീരി യുവാവിനെ മനുഷ്യകവചമാക്കി ജീപ്പില്‍ കെട്ടിയിട്ട സൈന്യത്തിനെതിരെ പ്രതിഷേധം 


ബന്ധുമരിച്ചതിന്റെ നാലാംദിന ചടങ്ങില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള ഗാംപോരയിലേക്കു പോകവെയായിരുന്നു ദാര്‍ സൈന്യത്തിന്റെ അതിക്രമത്തിന് ഇരയായത്. മോട്ടോര്‍സൈക്കിളിലായിരുന്നു യാത്ര. സഹോദരന്‍ ഗുലാം ഖാദിറും, അയല്‍വാസി ഹിലാല്‍ അഹമ്മദ് മാഗ്രേയും മറ്റൊരു മോട്ടോര്‍സൈക്കിളില്‍ യാത്ര തുടര്‍ന്നു.

അള്‍ട്ടിഗാമില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പിനെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് കണ്ട് നിര്‍ത്തി. “അതായിരുന്നു എന്റെ പിഴവ്” അദ്ദേഹം പറയുന്നു. മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പു തന്നെ പട്ടാളക്കാര്‍ തനിക്കുനേരെ അടുത്തെന്നും അദ്ദേഹം പറയുന്നു.

“അവര്‍ എന്നെ മര്‍ദ്ദിച്ചു. ജീപ്പിനു മുമ്പില്‍ കയറ്റി കെട്ടിയിട്ടശേഷം ഒമ്പതു ഗ്രാമങ്ങള്‍ ചുറ്റി.” ദാര്‍ വിശദീകരിക്കുന്നു.


Don”t Miss: ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച് എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച ജാതിമതില്‍ തകര്‍ത്ത് ദളിത് സംഘടനകള്‍


സ്ത്രീകള്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതോടെ അവര്‍ ഓടുകയായിരുന്നു. “എന്നെ ജീപ്പില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. നെഞ്ചില്‍ ഒരു വെള്ള പേപ്പര്‍ വെച്ച് റോപ്പുകൊണ്ട് കെട്ടിയിരുന്നു. അതില്‍ എഴുതിയ എന്റെ പേരു മാത്രമേ ഞാന്‍ കണ്ടുള്ളൂ.” ദാര്‍ പറയുന്നു.

“വണ്ടി നീങ്ങവെ പട്ടാളക്കാര്‍ കാണുന്നവരോടൊക്കെ രോഷംകൊള്ളുന്നുണ്ടായിരുന്നു. എറിയെടോ, കൂട്ടത്തിലുള്ളവനുനേരെ തന്നെ എറിയൂ.” എന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതുകണ്ട് ആളുകള്‍ ഭയന്നോടി. ഒരക്ഷരം മിണ്ടരുത്, മിണ്ടായാല്‍ വെടിവെച്ചുകൊല്ലും” എന്നാണ് തന്നോടു പറ#്ഞതെന്നും അദ്ദേഹം പറയുന്നു.

ഖോസ്‌പോരയിലെത്തിയപ്പോള്‍ എന്നെ വിട്ടയക്കാന്‍ ചിലര്‍ പട്ടാളക്കാരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. “പട്ടാളക്കാര്‍ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ പറ്റില്ല. ഇയാള്‍ ഒരു കല്ലേറുകാരനാണ് എന്ന്.” ദാര്‍ പറയുന്നു.

“സി.ആര്‍.പി.എഫ് കാമ്പിലെത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയ 16പേരെയാണ് കണ്ടത്. അവിടെയൊരു ഓഫീസറുണ്ടായിരുന്നു. നാലുമണിയോടെ അവര്‍ എന്നെ സൈന്യത്തിന്റെ മറ്റൊരു വാഹനത്തിലാക്കി. അവര്‍ എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. വാഹനത്തിന്റെ വാതില്‍ തുറന്നപ്പോഴാണ് ഞാന്‍ റായാരിയിലെ ആര്‍.ആര്‍ ക്യാമ്പിലാണുള്ളതെന്ന് മനസിലായത്.” അദ്ദേഹം പറയുന്നു.

ഓരോ ക്യാമ്പില്‍വെച്ചും തന്നെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു. ആര്‍.ആര്‍. ക്യാമ്പില്‍ മൂന്നു മണിക്കൂറോളമാണ് കഴിഞ്ഞത്. അവിടെവെച്ച് ഒരു കപ്പ് ചായ തന്നു. “രാത്രി എഴരയോടെ എന്റെ ഗ്രാമത്തിലെ സര്‍പഞ്ച് ബാഷിര്‍ അഹമ്മദ് മാഗ്രേയ്‌ക്കൊപ്പം എന്നെവിട്ടയച്ചു.” അദ്ദേഹം ഓര്‍ക്കുന്നു.

പിറ്റേദിവസം മുതല്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നെന്നും ദാര്‍ പറയുന്നു. പിറ്റേദിവസം ബന്ദായിരുന്നു. അതുകൊണ്ടുതന്നെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് പോയത്. ഡോക്ടര്‍ വേദനാസംഹാരികള്‍ കുറച്ചുതരികയും ഇടതുകയ്യില്‍ ബാന്റേജ് ചുറ്റിനല്‍കുകയും ചെയ്തു.

ഇപ്പോള്‍ ബാന്റേജ് ചുറ്റിയ കയ്യുമായി വീട്ടില്‍ വിശ്രമത്തിലാണ് ദാര്‍. അപ്പോഴും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത് “ഞാന്‍ കല്ലേറുകാരനല്ല. എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കല്ലെറിഞ്ഞിട്ടില്ല. ഷാളുകളില്‍ എംബ്രോഡറി ജോലികള്‍ ചെയ്താണ് ഞാന്‍ ജീവിക്കുന്നത്. അല്ലറ ചില്ലറ ആശാരിപ്പണിയും അറിയാം. ഇതാണ് ഞാന്‍ ചെയ്യുന്നത്.” എന്നാണ്.

We use cookies to give you the best possible experience. Learn more