| Thursday, 23rd November 2023, 8:16 am

ഒറ്റ ടച്ചില്‍ ഗോള്‍ നേടാനുള്ള കഴിവാണ് ഹാലണ്ടിനെ വ്യത്യസ്തമാക്കുന്നത്; പ്രശംസയുമായി ഇംഗ്ലീഷ് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വിജിയന്‍ സൂപ്പർതാരം ഏർലിങ് ഹാലണ്ടിന്റെ പ്രകടനങ്ങളെകുറിച്ച് പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ താരമായ ഷോണ്‍ റൈറ്റ് ഫിലിപ്സ്.

കളിക്കളത്തില്‍ കൂടുതല്‍ ടച്ചുകള്‍ നടത്താതെ ഗോള്‍ നേടാനുള്ള ഹാലണ്ടിന്റെ കഴിവിനെ കുറിച്ചാണ് ഷോണ്‍ റൈറ്റ് ഫിലിപ്സ് പറഞ്ഞത്.

‘എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നത് പന്തില്‍ തൊടാതെ ഹാലണ്ടിന് എത്ര വേഗത്തില്‍ പോകാനാകും എന്നതാണ്. മത്സരത്തില്‍ സ്ട്രൈക്കര്‍ക്ക് പന്ത് ലഭിച്ചില്ലെങ്കില്‍ അവര്‍ കളിക്കാന്‍ നന്നായി ബുദ്ധിമുട്ട് നേരിടും. നാല് വര്‍ഷം മുമ്പുള്ള ടോട്ടന്‍ഹാം ഹോട്‌സ്പറിലെ ഹാരി കെയ്നെ നോക്കൂ. അവന്‍ കളിക്കളത്തില്‍ മികച്ച ഫോമിലാണെന്ന് എല്ലാവരും പറഞ്ഞു. കൃത്യമായി പാസ്സുകള്‍ ലഭിക്കാതെ ഇപ്പോള്‍ അവന്‍ കളിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത് നമ്മള്‍ കണ്ടു. എന്നാല്‍ ഹാലണ്ട് പന്ത് തൊടാതെ 25 മിനിട്ട് കളിക്കുകയാണെങ്കില്‍ അവന് പന്ത് ലഭിക്കുമ്പോള്‍ അവനത് ഗോളാക്കി മാറ്റുന്നു. ഇതൊരു മികച്ച കലയാണെന്ന് ഞാന്‍ കരുതുന്നു,’ ഫിലിപ്സ് ദി സ്പോര്‍ട് റിവ്യൂവിനോട് പറഞ്ഞു.

ഏര്‍ലിങ് ഹാലണ്ടിന്റെ കളിക്കളത്തിലെ മികച്ച ആത്മവിശ്വാസത്തെയും മാനസികാവസ്ഥയെയും റൈറ്റ് ഫിലിപ്‌സ് പ്രശംസിക്കുകയും ചെയ്തു.

‘ഹാലണ്ടിന് കൂടുതല്‍ അവസരം നല്‍കിയാല്‍ അവന്‍ അത് കൃത്യമായി ഉപയോഗപെടുത്തും. മത്സരത്തില്‍ ഒരു അവസരം അവന് നഷ്ടമായാല്‍ മറ്റൊരു മികച്ച അവസരം ഹാലണ്ടിന് ലഭിക്കുമെന്ന് അവന്‍ വിശ്വസിക്കുന്നു. ഇതാണ് അവന്റെ മാനസികാവസ്ഥ അതിനാല്‍ അവന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്നില്ല,’ റൈറ്റ് ഫിലിപ്‌സ് കൂട്ടിചേര്‍ത്തു.

ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും കഴിഞ്ഞ സീസണിലാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. സിറ്റിക്കായി 53 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഹാലണ്ട് 52 ഗോളുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സിറ്റിക്കൊപ്പം ട്രബിള്‍ കിരീടനേട്ടത്തിലും ഹാലണ്ട് പങ്കാളിയായി.

ഈ സീസണിലും മിന്നും ഫോമിലാണ് ഹാലണ്ട് കളിക്കുന്നത്. സിറ്റിക്കായി 18 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഹാലണ്ടിന്റെ അക്കൗണ്ടിലുള്ളത്.

Content Highlight: Shaun wright phillips praises Erling Haaland.

We use cookies to give you the best possible experience. Learn more