സഞ്ജുവിന്റെ ടീമിനെതിരെയുള്ള ഹര്‍ദിക്കിന്റെ പ്രയോഗം എനിക്കിഷ്ടമായി; പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം
IPL
സഞ്ജുവിന്റെ ടീമിനെതിരെയുള്ള ഹര്‍ദിക്കിന്റെ പ്രയോഗം എനിക്കിഷ്ടമായി; പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th May 2023, 2:08 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഷോണ്‍ ടെയ്റ്റ്. കളത്തില്‍ മികച്ച പെര്‍ഫോമന്‍സാണ് പാണ്ഡ്യ കാഴ്ചവെക്കുന്നതെന്നും ടീമിനെ ഇടക്കിടെ മാറ്റാത്തത് നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കുമ്പോഴാണ് ടെയ്റ്റ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഹര്‍ദിക്കിന്റെ പ്രകടനം എനിക്കൊത്തിരി ഇഷ്ടമായി. ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കാതെ അദ്ദേഹം ടീമിനെ വിജയപ്പിക്കുകയായിരുന്നു. അതിന് വേണ്ടി ഹര്‍ദിക് സമീപിച്ച രീതി എനിക്കിഷ്ടമായി.

ടീമിനെ ഇടക്കിടെ മാറ്റാതിരിക്കുന്നത് നല്ല സൂചനയായിട്ടാണ് എനിക്ക് തോന്നുന്നത്. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. ഗുജറാത്ത് ടൈറ്റന്‍സും അതില്‍ വിജയിച്ചു. പേസര്‍മാര്‍ ഒരേ സ്‌പോട്ടില്‍ നിന്ന് ബൗള്‍ ചെയ്യുന്നു, ആവശ്യമുള്ളപ്പോല്‍ ബാറ്റിങ് ഓര്‍ഡറിലേക്ക് മികവ് ഉയരുന്നു. സി.എസ്.കെയും അതുപോലെയാണ് കളിക്കുന്നത്,’ ടെയ്റ്റ് പറഞ്ഞു.

അതേസമയം, ഐ.പി.എല്‍ 2023ലെ 48ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഒമ്പത് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് ജയം സ്വന്തമാക്കിയത്. ഇതോടെ 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്താന്‍ ഗുജറാത്തിന് സാധിച്ചു. ഈ സീസണില്‍ മൂന്ന് കളികളില്‍ മാത്രമാണ് ഗുജറാത്ത് തോല്‍വി വഴങ്ങിയത്.

മത്സരത്തില്‍ മികച്ച തുടക്കമായിരുന്നില്ല രാജസ്ഥാന് ലഭിച്ചത്. ആറ് പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയ ജോസ് ബട്ലറിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വണ്‍ ഡൗണായെത്തിയ സഞ്ജു ആക്രമിച്ചു കളിച്ചു. ക്രീസിലെത്തിയപാടെ കിടിലന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച താരം സ്‌കോര്‍ ഉയര്‍ത്തി.
ഇതിനിടെ ജെയ്സ്വാളിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായിരുന്നു. സഞ്ജുവും ജെയ്സ്വാളും തമ്മിലുള്ള മിസ് കമ്മ്യൂണിക്കേഷനാണ് ജെയ്സ്വാളിനെ പുറത്താക്കിയത്.

ജെയ്സ്വാള്‍ പുറത്തായെങ്കിലും സഞ്ജു മറ്റുചില ഷോട്ടുകളും കളിച്ചിരുന്നു. 20 പന്തില്‍ നിന്നും 30 റണ്‍സുമായാണ് താരം പുറത്തായത്. ജോഷ്വ ലിറ്റിലിന്റെ നിരുപദ്രവകാരിയായ പന്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.

ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് രാജസ്ഥാന്‍. 11 പോയിന്റ് വീതം നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.

Content Highlights: Shaun Tait praise Hardik Pandya