17 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ഐ.സി.സി ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട ഇന്ത്യയെ പവര്‍ ബൗളിങ് യൂണിറ്റ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മത്സരത്തിലെ അവസാന ഓവറില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് ആയിരുന്നു പന്ത് കയ്യിലെടുത്തത്.
നിര്‍ണായക സമയത്ത് ക്രീസിലുണ്ടായിരുന്ന ഡേവിഡ് മില്ലര്‍ പാണ്ഡ്യയുടെ ഒരു ഫുള്‍ ടോസില്‍ പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. ഐതിഹാസികമായ ഒരു ക്യാച്ചില്‍ സിക്സറിന് പോകേണ്ട പന്ത് താരം തട്ടിയകറ്റി വീണ്ടും കൈപ്പിടിയിലാക്കുകയായിരുന്നു. സൂര്യയുടെ തകര്‍പ്പന്‍ ക്യാച്ചിനെ കുറിച്ച് നിരവധി ആരോപണങ്ങളും ചര്‍ച്ചകളും നടന്നിരുന്നു.
സൂര്യ ബൗണ്ടറി ലൈനില്‍ നിന്ന് മില്ലി മീറ്റര്‍ അകലത്തുനിന്ന് തന്നെയാണ് ക്യച്ച് എടുത്തത്. വീഡിയോയില്‍ ബൗണ്ടറി സ്‌പോഞ്ച് കുറച്ച് പിന്നിലേക്ക് തള്ളിയിരുന്നതായി കാണപ്പെട്ടിരുന്നു. പക്ഷേ ഐ.സി.സിയുടെ 19.3 കളി നിയമപ്രകാരം ഒരു ഡെലിവറി ഡെഡ് ബോള്‍ ആയിക്കഴിഞ്ഞാല്‍ ബൗണ്ടറി ലൈന്‍ യഥാര്‍ത്ഥ സ്ഥാനത്തേക്ക് പെട്ടന്ന് നീക്കണം.
എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളാക്ക്. ഇതോടെ ഷോണ്‍ സൂര്യയുടെ ഐതിഹാസികമായ ക്യാച്ചിനെ പ്രശംസിക്കുകയും ചെയ്തു.
‘സൂര്യയുടെ ക്യാച്ച് മികച്ചതായിരുന്നു. കളിക്കിടെ ബൗണ്ടറി കുഷ്യന്‍ മാറിയെങ്കിലും അത് കളിയുടെ ഒരു ഭാഗമാണ്. എന്നാല്‍ അതിന് സൂര്യയുടെ ക്യാച്ചുമായി യാതൊരു ബന്ധവുമില്ല. അവന്റെ മികച്ച കഴിവാണത്. അവന്‍ ബൗണ്ടറി ലൈനില്‍ തട്ടിയില്ല,’ഷോണ്‍ പറഞ്ഞു.
Debate is over, Miller’s catch was fine, the cushion didn’t move, surya didn’t stand on the cushion, brilliant bit of skill – Shaun Pollock pic.twitter.com/RnKiYAlYry
മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ച ഏറ്റവും മികച്ച ക്യാച്ചായി മാറുകയായിരുന്നു ഇത്. മാത്രമല്ല ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചും സൂര്യയുടേതായിരുന്നു. ഇതോടെ ഫൈനല്‍ സ്വന്തമാക്കി ഇന്ത്യന്‍ ടീം ഡ്രസിങ് റൂമില്‍ എത്തിയപ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റ് ജെയ് ഷാ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരവും സൂര്യയ്ക്ക് കൈമാറിയിരുന്നു.
Content Highlight: Shaun Pollock Talking About Suryakumar Yadavs Crucial Catch