സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാനാകാതെ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു സൗത്ത് ആഫ്രിക്ക. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ബാക്ക് ടു ബാക്ക് സെഞ്ച്വറിക്ക് ശേഷം രണ്ട് മത്സരങ്ങളില്‍ പൂജ്യം റണ്‍സിന് പുറത്തായ സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.
56 പന്തില്‍ നിന്നും ഒമ്പത് സിക്സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്. ടി-20യില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക്. മാത്രമല്ല പന്തിനേക്കാള്‍ മികച്ച താരമായിരുന്നിട്ടും സഞ്ജുവിനെ ടീമിലെടുക്കാതിരുന്നതിനെ ചോദ്യം ചെയ്യാനും പൊള്ളോക് മടിച്ചില്ല.
‘കഴിഞ്ഞ അഞ്ച് ടി-20യില്‍ നിന്ന് സഞ്ജു സാംസണിന് മൂന്ന് സെഞ്ച്വറികളുണ്ട്. 76 ടി-20യില്‍ റിഷബ് പന്തിന് സെഞ്ച്വറികളില്ല. സഞ്ജുവിനെ തഴഞ്ഞ് സെലക്ടര്‍മാര്‍ പന്തിനെ പിന്തുണച്ചതെന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. പന്തിനേക്കാള്‍ മികച്ച കളിക്കാരന്‍ സഞ്ജുവാണെന്ന് കളികാണുന്ന ആര്‍ക്കും മനസിലാകും,’ ഷോണ്‍ പൊള്ളോക് പറഞ്ഞു.
നിലവില്‍ ടി-20ഐയിലെ 37 മത്സരത്തിലെ 33 ഇന്നിങ്‌സില്‍ നിന്ന് 810 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 27.93 എന്ന ആവറേജും 155.17 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
രണ്ട് അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും അടങ്ങുന്നതാണ് സഞ്ജുവിന്റെ ടി-20 പ്രകടനം. റിഷബ് പന്ത് 76 ടി-20യിലെ 66 ഇന്നിങ്‌സില്‍ നിന്ന് 1209 റണ്‍സും 65 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 23.25 ആവറേജുമാണ് നേടിയത്. 127.26 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിനുള്ളത്.
Content Highlight: Shaun Maclean Pollock Talking About Sanju Samson And Rishabh Pant