'സത്യം എന്തിന് അടിച്ചമര്‍ത്തി വെക്കുന്നു?'; അമിത് ഷായുടെ മകനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
Daily News
'സത്യം എന്തിന് അടിച്ചമര്‍ത്തി വെക്കുന്നു?'; അമിത് ഷായുടെ മകനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th October 2017, 10:04 pm

ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കുകയാണ് ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെയുള്ള സാമ്പത്തിക ആരോപണം. ഇപ്പോഴിതാ മുതിര്‍ന്ന നേതാവും ബി.ജെ.പി എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഗൗരവതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അന്വേഷണത്തിലൂടെ സത്യം തെളിയിക്കുകയാണ് വേണ്ടതെന്നായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രസ്താവന. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇങ്ങനെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ എന്തിനാണ് അവ അടിച്ചമര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്? സത്യം പുറത്തുവരണം. നിങ്ങള്‍ സത്യസന്ധതയും സുതാര്യതയും പാലിക്കണം. എന്തൊക്കെ ആരോപണങ്ങള്‍ എതിരെ വന്നാലും വിഷയത്തില്‍ ഒരന്വേഷണം നടത്തുകയാണ് വേണ്ടത്.” എന്നായിരുന്നു സിന്‍ഹയുടെ വാക്കുകള്‍.


Also Read:  ‘ഫെയ്‌സ്ബുക്കിലെ നിലവാരമളക്കല്‍ വിദഗ്ദ്ധരൊക്കെ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ’; മണിയുടെ ‘ബലമില്ലാത്ത രാമാ, ഹേ, എടോ’ വിളികള്‍ ഇഷ്ടപ്പെടാതെ വി.ടി ബല്‍റാം


നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസിന് 16000 മടങ്ങ് വരുമാന വര്‍ധനയുണ്ടായതായി ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.

ഇതിനു പിന്നാലെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയടക്കം സര്‍ക്കാരിനുനേരെ തിരിഞ്ഞിരുന്നു. ബി.ജെ.പിയുട അഴിമതി വിരുദ്ധമുഖം നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരായ ആരോപണത്തില്‍ കേന്ദ്രം അന്വേഷണത്തിനു തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.