'ആദ്യം നിങ്ങള്‍ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു, ഇപ്പോഴിതാ'; പ്രിയങ്കയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ മോദിക്കെതിരെ ശത്രുഘന്‍ സിന്‍ഹ
national news
'ആദ്യം നിങ്ങള്‍ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു, ഇപ്പോഴിതാ'; പ്രിയങ്കയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ മോദിക്കെതിരെ ശത്രുഘന്‍ സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 3:04 pm

ലഖ്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരായ യു.പി പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘന്‍ സിന്‍ഹ രംഗത്ത്. നാശനഷ്ടങ്ങള്‍ നിയന്ത്രിക്കാനുള്ള വഴിയല്ല ഇതെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദാരാപൂരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ലഖ്‌നൗ പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കഴുത്തില്‍ പിടിച്ചു ഞെരിച്ചെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സിന്‍ഹ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആദ്യം വി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ച്/വെട്ടിക്കുറച്ച് നിങ്ങളുടെ സുരക്ഷ പതുക്കെ വര്‍ധിപ്പിച്ചു. അതിനുശേഷം ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു. ഇപ്പോഴിതാ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം യു.പി പൊലീസ് അവരെ ഏറ്റവും മോശം രീതിയില്‍ കൈകാര്യം ചെയ്തു. ഇതു തീര്‍ച്ചയായും അപലപനീയമാണ്,’ അദ്ദേഹം ട്വീറ്റുകളില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സൂക്ഷ്മമായ പ്രവൃത്തിയും പ്രതിപ്രവൃത്തിയുമായിരുന്നു നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രിയങ്ക തന്നെയാണ് കയ്യേറ്റം ഉണ്ടായെന്നു വെളിപ്പെടുത്തി രംഗത്തുവന്നത്. ‘ഞാന്‍ ദാരാപുരിജിയുടെ കുടുംബത്തെ കാണാന്‍ പോകുമ്പോള്‍ യു.പി പൊലീസ് എന്നെ തടഞ്ഞു.

അവര്‍ എന്റെ കഴുത്തു ഞെരിച്ചു, കയ്യേറ്റം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവര്‍ എന്നെ വളഞ്ഞു, അതിനുശേഷം ഞാന്‍ അവിടെയെത്താന്‍ നടന്നു,’ പ്രിയങ്കാ ഗാന്ധിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയങ്കയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ യു.പി ഭവനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.