| Thursday, 25th April 2019, 4:12 pm

മോദിയെ ഇന്റര്‍വ്യൂ ചെയ്യണമെന്നുണ്ട്, എന്റെ ആ നിബന്ധനകള്‍ അദ്ദേഹം അംഗീകരിക്കുകയാണെങ്കില്‍: ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തെ പരിഹസിച്ച് മുന്‍ ബി.ജെ.പി നേതാവും നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ.

തിരക്കഥാകൃത്തുക്കള്‍ തയ്യാറാക്കി നല്‍കിയ കാര്യങ്ങളാണ് റിഹേഴ്‌സലിന് ശേഷം അഭിമുഖമായി വന്നത് എന്നായിരുന്നു സിന്‍ഹയുടെ പരിഹാസം.

‘പ്രധാനമന്ത്രിയെന്ന നിലയിലല്ലാതെ ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ വളരെ അടുത്തറിയാം. നിരവധി റിഹേഴ്‌സലുകള്‍ക്ക് ശേഷമാണ് അദ്ദേഹം സാധാരണ ഒരു അഭിമുഖം കൊടുക്കാറ്. അത് തന്നെ തിരക്കഥാകൃത്തുക്കളുടെ സഹായത്തോടെയാണ് ചെയ്യുന്നത്- സിന്‍ഹ പറയുന്നു.

തനിക്ക് മോദിയുമായി ഒരു അഭിമുഖം നടത്തണമെന്നുണ്ടെന്നും ഒരു തരത്തിലുള്ള സ്‌ക്രിപ്‌റ്റോ റിഹേഴ്‌സലോ അതില്‍ പാടില്ലെന്നുള്ള ഒരു നിബന്ധനമാത്രമേ തനിക്കുള്ളൂവെന്നും സിന്‍ഹ പറയുന്നു.

എന്നാല്‍ അത്തരമൊരു അഭിമുഖത്തിന് മോദി ഒരിക്കലും തയ്യാറാകില്ലെന്ന് ഉറപ്പാണെന്നും സിന്‍ഹ പറയുന്നു. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരത്തിലെത്തി അഞ്ച് വര്‍ഷമായിട്ടും ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താത്ത ലോകത്തെ ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

ഒരു പ്രധാനമന്ത്രിക്ക് അസാധാരണമായ ഗുണങ്ങളൊന്നും ഉണ്ടാവില്ല. ഇത് അടിസ്ഥാനപരമായി ഒരു നമ്പര്‍ ഗെയിം ആണ്. നിങ്ങള്‍ക്കോ അല്ലെങ്കില്‍ എനിക്കോ കൃത്യമായ എം.പി മാരുടെ പിന്തുണ ഉണ്ടെങ്കില്‍ പ്രധാനമന്ത്രിയാകാം. മാത്രമല്ല മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ ഒരാള്‍ക്കും തീര്‍ച്ചയായും പ്രധാനമന്ത്രി പദംപോലുള്ള ഉന്നത പദവി വഹിക്കാന്‍ സാധിക്കും.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിക്കുന്ന സമയത്ത് മോദി മോദി എന്ന മുദ്രാവാക്യം അവിടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. ഞാന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പിക്കാര്‍ അതില്‍ പങ്കാളികളായിരുന്നു. അത് രാജ്യത്തുടനീളം അലയടിച്ചു. ഇതെല്ലാം ഞാന്‍ കണ്ടതാണ്. ആ കളിയുടെ തന്ത്രങ്ങളെല്ലാം എനിക്കറിയാം’- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

We use cookies to give you the best possible experience. Learn more