| Tuesday, 26th March 2019, 10:09 am

ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം രണ്ടു ദിവസത്തിനകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി വിമത നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. ഈയാഴ്ച തന്നെ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി.

മാര്‍ച്ച് 28 നോ 29 നോ പ്രഖ്യാപനമുണ്ടാകുമെന്നും ബീഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.


അമേത്തിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മത്സരത്തിന്; വിമതനാവുന്നത് രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നോമിനിയായിരുന്ന നേതാവിന്റെ മകന്‍


ബീഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ബി.ജെ.പി ഇവിടെ ടിക്കറ്റ് നല്‍കിയത്.

ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറയുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിലൂടെയാണ് സിന്‍ഹ ബി.ജെ.പിയ്ക്ക് അനഭിമതനായത്.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അതേ നാണയത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസ് യുക്ത ഭാരതത്തിന് സമയമായി എന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന അഭ്യൂഹവും ശക്തമായത്. രണ്ടുദിവസത്തിനുള്ളില്‍ എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more