| Wednesday, 28th March 2018, 10:38 pm

'അടുത്ത തെരഞ്ഞെടുപ്പില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുമെന്നുറപ്പില്ല'; ബി.ജെ.പി വിടുമെന്ന സൂചന നല്‍കി ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നാണ് സിന്‍ഹയുടെ ആക്ഷേപം.

അതേസമയം നിലവില്‍ പ്രതിനിധീകരിക്കുന്ന പാട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് മാറി മറ്റിടങ്ങളില്‍ നിന്ന് മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read:  സി.ഐ.ടി.യുവിനെ നിരോധിക്കണണമെന്ന് ബി.ജെ.പി എം.എല്‍.എ; ത്രിപുര നിയമസഭയില്‍ ബഹളം


” മറ്റു പാര്‍ട്ടികളില്‍ നിന്ന് എനിക്ക് ഓഫറുകള്‍ വന്നിട്ടുണ്ട്. ഒരു പക്ഷെ മറ്റു പാര്‍ട്ടികളെയോ സ്വതന്ത്രനായോ ആയിരിക്കും 2019 ല്‍ ഞാന്‍ മത്സരിക്കുക.” സിന്‍ഹ ടൈംസ് നൗ ചാനലിനോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ അവസാന നിമിഷം വരെ തനിക്ക് സീറ്റ് ലഭിക്കില്ലെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ അവസാനം താന്‍ തന്നെയാണ് ആ സീറ്റില്‍ മത്സരിച്ചത്. ഇത്തവണയും അത്തരത്തില്‍ അഭ്യൂഹം പ്രചരിക്കുന്നുണ്ടെന്നും അത് കാര്യമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സിന്‍ഹ ജയിച്ചത്.


Also Read:  ഉപതെരഞ്ഞെടുപ്പില്‍ വി.വി.പാറ്റ് വേണമെന്ന് ആവശ്യം; ചെങ്ങന്നൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കോടതിയില്‍


“ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ എന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ആളുകള്‍ തന്നെയാണത്. എന്നാല്‍ എനിക്ക് അതിനെക്കുറിച്ച് പുറംലോകത്തോട് വിശദീകരിക്കാനാകില്ല.”

എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ടുപോകാത്തതെന്ന ചോദ്യത്തിന് എന്തുകൊണ്ട് പാര്‍ട്ടി എന്നെ പുറത്താക്കുന്നില്ലെന്നായിരുന്നു സിന്‍ഹയുടെ മറുപടി. നിരവധിപേരെ പാര്‍ട്ടിക്കുള്ളില്‍ വേണ്ടപോലെ പരിഗണിക്കുന്നില്ല. അദ്വാനിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വളര്‍ന്നത്. 2 സീറ്റില്‍ നിന്ന് 200 ലേക്ക് എത്തിച്ചത് അദ്ദേഹമാണ്. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നും സിന്‍ഹ ചോദിച്ചു.


Also Read:  ‘മോദിജീ… അന്നു നിങ്ങള്‍ ഇതൊക്കെയാണ് പറഞ്ഞത്’; മോദിയുടെ വാഗ്ദാനലംഘനം തുറന്നുകാണിച്ച് നിയമസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ വീഡിയോ പ്രദര്‍ശനം


നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ.

Watch This Video:

We use cookies to give you the best possible experience. Learn more