'മറ്റു രാഷ്ട്രീയ പാര്‍ട്ടിക്ക് പോലും പ്രിയങ്കയില്‍ നിന്നും പഠിക്കാനുണ്ട്'; നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ
national news
'മറ്റു രാഷ്ട്രീയ പാര്‍ട്ടിക്ക് പോലും പ്രിയങ്കയില്‍ നിന്നും പഠിക്കാനുണ്ട്'; നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 6:29 pm

പട്‌ന: പ്രിയങ്കാ ഗാന്ധി തന്നെ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വരണമെന്ന് ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ.

‘പ്രിയങ്ക തന്നെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് തന്റെ അഭ്യര്‍ത്ഥന. അത് പാര്‍ട്ടിക്ക് വലിയ ഉണര്‍വായിരിക്കുമെന്നും’ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

ഒരു യഥാര്‍ത്ഥ നേതാവ് എന്നതിന് ഉത്തമ മാതൃകയാണ് പ്രിയങ്കയെന്നും പ്രിയങ്കയുടെ നേതൃത്വം പാര്‍ട്ടിക്ക് വലിയ പ്രചോദനമായിരിക്കുമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് പോലും പ്രിയങ്കയില്‍ നിന്ന് പഠിക്കാന്‍ ഉണ്ടെന്നും സിന്‍ഹ വ്യക്തമാക്കി.

സോന്‍ഭദ്ര വിഷയത്തില്‍ പ്രിയങ്കയുടെ സമയോചിതമായ ഇടപെടല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിച്ചുവെന്നും സിന്‍ഹ പറഞ്ഞു. ‘ബെല്‍ച്ചിയിലേക്ക് അവര്‍ കടന്നു വന്നത് ആനപ്പുറത്തായിരുന്നു. പ്രിയങ്ക വിഷയത്തെ വളരെ പക്ത്വതയോടെ സമീപിച്ചു. ചിരിച്ചുകൊണ്ടാണ് അവര്‍ നടപടികളെ നേരിട്ടത്’ എന്നും സിന്‍ഹ വ്യക്തമാക്കി.

പ്രിയങ്കാ ഗാന്ധി തന്നെ നേതൃസ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പിളരാന്‍ സാധ്യതയുണ്ടെന്നും പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നാണ് സോന്‍ഭദ്ര സംഭവം തെളിയിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നട്വര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.