| Saturday, 11th August 2018, 5:29 pm

'ബി.ജെ.പി നേതാക്കളേക്കാള്‍ വിശ്വാസം അരുണ്‍ ഷൂരിയെയും യശ്വന്ത് സിന്‍ഹയെയും'; റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റഫാല്‍ വിമാന ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. വിമാനങ്ങളുടെയടക്കം പല കാര്യങ്ങളിലും ഉത്തരം പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരിനു ജനങ്ങളുടെ കണ്ണില്‍ നോക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്നും സിന്‍ഹ പറഞ്ഞു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹ മോദി സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണെന്ന് സൂചിപ്പിച്ചത്. ബി.ജെ.പി വക്താക്കള്‍ പറയുന്നതിനേക്കാള്‍ തനിക്ക് വിശ്വാസം യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പറയുന്നതാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ബൊഫോഴ്‌സിനേക്കാള്‍ വലിയ അഴിമതിയാണ് റഫാല്‍ എന്നും ക്രമവിരുദ്ധമായാണ് മോദി അതില്‍ ഒപ്പുവെച്ചതെന്നും അരുണ്‍ ഷൂരി പറഞ്ഞിരുന്നു.

കേരളീയര്‍ ഈ ദുരന്തം അര്‍ഹിക്കുന്നവര്‍, ഒരു സഹായവും ചെയ്യരുത്; ദേശീയതലത്തിലും കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫാലെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ പല തവണ സര്‍ക്കാര്‍ തിരുത്തിയത് ഇതിനുള്ള വ്യക്തമായ തെളിവാണ്. ക്രിമിനല്‍ നടപടി ദൂഷ്യത്തിന് പ്രധാനമന്ത്രി മോദി കുറ്റവിചാരണ നേരിടണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.

ഇടപാടില്‍ ജെ.പി.സി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സി.പി.ഐ.എം പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more