| Tuesday, 26th June 2018, 4:14 pm

ഇപ്പോള്‍ നടക്കുന്നത് വണ്‍മാന്‍ ഷോ; സംസാരിച്ചാല്‍ വെടിവെച്ചുകൊന്നു കളയും; ജനങ്ങള്‍ ഭയത്തിലാണ്; മോദി സര്‍ക്കാരിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ എന്നല്ല മോദി സര്‍ക്കാര്‍ എന്നാണ് ഇപ്പോള്‍ പറയേണ്ടതെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. സര്‍ക്കാരിനെ വിലയിരുത്തി താന്‍ സംസാരിക്കുമ്പോള്‍ ഒരു റിബല്‍ സംസാരിക്കുന്നു എന്നാണ് ജനങ്ങള്‍ കരുതുകയെന്നും എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്ക് വ്യക്തിപരമായ ഒരു താത്പര്യവും ഇല്ല. രാജ്യത്തെ ഏറ്റവും മികച്ച കാമ്പയിനറാണ് മോദി. എന്നാല്‍ പ്രചാരണം വയര്‍ നിറക്കില്ല. വേണ്ടതിലേറെ പ്രസംഗം അദ്ദേഹം നടത്തി. എന്നാല്‍ പ്രവൃത്തിയില്ല. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് വികസനം കിട്ടണം. ശ്രദ്ധ തിരിച്ചുവിട്ടാല്‍ പോര. തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവരും തകര്‍ന്നുനില്‍ക്കുകയാണെന്നും സിന്‍ഹ പറയുന്നു.


Also Read കേന്ദ്രത്തിന്റെ പാക് വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ല; ഇന്ത്യ-പാക് സമാധാന പദയാത്രയില്‍ മോദിയുടെ ഭാര്യ യശോദബെന്നും


കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്ത് എന്തുമാറ്റമാണ് ഉണ്ടായതെന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംഷയുണ്ട്. യശ്വന്ത് സിന്‍ഹയെപ്പോലെ ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടത് എന്തുകൊണ്ടാണ്? അരുണ്‍ ഷൂരി മൗനം പാലിക്കുന്നു. എത്രയോ നേതാക്കളെ നമുക്ക് നഷ്ടമായിരിക്കുന്നു. ഒരാളോടുപോലും ചര്‍ച്ച ചെയ്യാതേയും സംസാരിക്കാതേയുമാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് എന്ന് വരുമ്പോള്‍ തന്നെ കാര്യങ്ങള്‍ എങ്ങനെയാണ് നീങ്ങുന്നത് എന്ന് മനസിലാകുമല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

നോട്ട് പിന്‍വലിക്കല്‍ അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞ തീരുമാനമായിരുന്നു. തെറ്റായ നീക്കമായിരുന്നു. ജനങ്ങള്‍ ദുരിതത്തിലായി. ഒരാളോടുപോലും ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടിയിലെ മുതിര്‍ന്നവരോടോ രാജ്യത്തെ പണ്ഡിതന്‍മാരോടോ വിദഗ്ധരോടോ സംസാരിച്ചില്ല. സംസാരിക്കേണ്ടതല്ലേയെന്നും സിന്‍ഹ ചോദിക്കുന്നു.


Also Read ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുചിന്തകരും മാര്‍ക്‌സിസത്തെ മതമായാണ് കാണുന്നത്: ഡോ. എം.പി പരമേശ്വരന്‍


ഇന്ത്യയില്‍ മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ് കിടക്കുകയാണെന്നും എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും സിന്‍ഹ പറയുന്നു. മതം ഒരു വ്യക്തിപരമായ വിഷയമാണ്. ആര്‍ക്കും അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. മതത്തിന്റെ പേരില്‍ ആരേയും അടിച്ചമര്‍ത്തരുത്. മതവും രാഷ്ട്രീയവും കലരുമ്പോള്‍ ജനങ്ങള്‍ രോഷം കൊള്ളും. അത് പ്രകടിപ്പിക്കപ്പെടും. ഇതൊക്കെ ഉറക്കെ പറയാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ഞാന്‍ ബി.ജെ.പി അംഗമാണ്. എന്നെ അവര്‍ പുറത്താക്കിയിട്ടില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാം. പാര്‍ട്ടിയുടെ ഒരു തെരഞ്ഞെടുപ്പ് പരിപാടിയിലും എന്നെ വിളിക്കാറില്ല. ബി.ജെ.പിയുടെ ഏറ്റവും പോപ്പുലറായ പ്രചാരകരില്‍ ഒരാളാണ് ഞാന്‍. പ്രചാരണ സമയത്ത് പരിപാടികള്‍ക്കായി എന്റെ തിയതി കൊടുത്തു. എന്നാല്‍ ഞാന്‍ തിയ്യതി കൊടുത്തില്ലെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. – സിന്‍ഹ പറയുന്നു.

ഇതൊരു ജനാധിപത്യ സംവിധാനമാണ്. എന്നാല്‍ ജനങ്ങള്‍ അനുഭവിക്കുന്നത് ഒരു തരം ഏകാധിപത്യമാണ്. രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ പേരുകള്‍ ചിലപ്പോഴൊക്കെ പരാമര്‍ശിക്കപ്പെട്ടേക്കാം. അതിനപ്പുറം ആരുണ്ട്?- ശത്രുഘ്‌നന്‍ സിന്‍ഹ ചോദിക്കുന്നു.

വാജ്‌പേയിയുടെ ഭരണകാലത്ത് ഞങ്ങള്‍ക്കെല്ലാം സ്‌പേസ് കിട്ടിയിരുന്നു. ഇപ്പോള്‍ എല്ലാം ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. സ്റ്റാഫ്, സെക്രട്ടറി തുടങ്ങിയവരാണ് ഭരിക്കുന്നത്.

“എന്നെ മന്ത്രിയാക്കാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്നാവും ചിലരുടെ ആക്ഷേപം. എത്രയോ കഴിവുള്ളവരെ മാറ്റിനിര്‍ത്തിയിരിക്കുന്നു. അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ ഇവരൊക്കെ എത്രയോ മിടുക്കരാണ്. മന്ത്രിയാക്കാത്തതുകൊണ്ടാണ് സിന്‍ഹ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതെന്ന് പറയാന്‍ കഴിയുമോ? വിഡ്ഢിത്തം. “- സിന്‍ഹ പറയുന്നു.


Also Read റെഡ്മി നോട്ട് 5 പ്രോക്ക് ഓറിയോ അപ്‌ഡേറ്റ് വരുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു


മന്ത്രിമാരെ നിശ്ചയിക്കല്‍ പ്രധാനമന്ത്രിയുടെ വിവേചനാധികാരമാണെന്നാണ് അവര്‍ അതിനെ ന്യായീകരിക്കുന്നത്. അതുകൊണ്ട് ആരെ വേണമെങ്കിലും മന്ത്രിയാക്കാമെന്നാണോ? മെറിറ്റ് നോക്കണ്ടേ? ഒരു വക്കീലിനെ കേന്ദ്രമന്ത്രിയാക്കാമോ? ഒരു ടി.വി സീരിയല്‍ നടിയെ എല്ലാവരും പരിചയമുണ്ടെന്ന ഒറ്റക്കാരണത്താല്‍ മന്ത്രിയാക്കാമോ?

നല്ല നേതാക്കള്‍, പരിചയ സമ്പന്നര്‍, ഭരണപാടവമുള്ളവര്‍ പ്രഭാഷകര്‍ എന്നിവരെയെല്ലാം ഒഴിവാക്കിയിരിക്കുന്നു. അദ്വാനിയെപ്പോലുള്ള നേതാക്കളെ ഒഴിവാക്കിയിരിക്കുന്നു. ഒരാളെ മാത്രമേ വേദിയില്‍ കാണാന്‍ പാടുള്ളൂവെന്ന മനോഭാവമാണ്. ഇതൊരു വണ്‍മാന്‍ ഷോ ആണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്വാനിയേയും സിന്‍ഹയേയും അരുണ്‍ ഷൂരിയേയും മന്ത്രിസഭയില്‍ എടുക്കാത്തതിന്റെ കാരണമായി പറയുന്നത് പ്രായമാണ്. എന്നാല്‍ ഒഴിവാക്കുന്നതിനും വിശ്വസിനീയമായ ഒരു മറുപടി നല്‍കാന്‍ കഴിയണമെന്നും സിന്‍ഹ പറയുന്നു.

കഴുത്തറുപ്പന്‍ രാഷ്ട്രീയമാണിത്. ഭയ മനോഭാവമാണിത്. ഹിറ്റ്‌ലര്‍ ഭരണകൂടത്തിലാണ് ഇത് സംഭവിക്കുക. സംസാരിച്ചാല്‍ വെടിവെച്ചുകൊന്നുകളയും. ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് പോലെയാണ് മിക്കമന്ത്രിമാരും പെരുമാറുന്നത്. നേതാക്കളില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് പ്രവണതയാണ് ഇതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫാസിസത്തിന്റെ ലക്ഷണങ്ങളാണോ ഇതെല്ലാം എന്ന ചോദ്യത്തിന് അങ്ങനെ താന്‍ പറയുന്നില്ലെന്നും എന്നാല്‍ ജനങ്ങള്‍ ഭയത്തിലാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മോദിക്കും ബി.ജെ.പിക്കും എളുപ്പമായിരിക്കില്ല എന്നാണോ താങ്കള്‍ പറയുന്നത് എന്ന ചോദ്യത്തിന് ജനങ്ങളുടെ ബുദ്ധിയും വിവേകവുമാണ് തീരുമാനമെടുക്കുക എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ മറുപടി. ജനങ്ങള്‍ മറുപടി നല്‍കാനായി കാത്തിരിക്കുകയാണ്. അവര്‍ക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല. 15 ലക്ഷത്തിന്റെ പാഴ് വാഗ്ദാനം ജനങ്ങളുടെ മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more