| Thursday, 20th June 2019, 8:09 am

അന്ന് നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ?; ബിഹാറിലെ ശിശുമരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. ബിഹാറിലെ ആരോഗ്യമേഖലയ്ക്ക് അഞ്ച് വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തയ്യാറാകാത്തതാണ് കുട്ടികളുടെ മരണനിരക്ക് കൂടാന്‍ കാരണമെന്ന് സിന്‍ഹ ആരോപിച്ചു.

‘2014 ല്‍ ബിഹാറില്‍ എന്‍സിഫലൈറ്റിസ് ബാധയുണ്ടായപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.’

ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഹാര്‍ ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നുണ്ടെന്നും സര്‍ക്കാരിന് ഇത് തടയാന്‍ ഒന്നും ചെയ്യാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറോളം കുട്ടികളാണ് മരിച്ചത്. ശിശുമരണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് അടിയന്തിരമായി പ്രത്യേക കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more