ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹങ്കാരം കൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് പരാജയം നേരിട്ടതെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. ട്വിറ്ററിലായിരുന്നു സിന്‍ഹയുടെ പ്രതികരണം.
“അഹങ്കാരവും അമിത ആത്മവിശ്വാസവും ശുണ്ഠിയും ജനാധിപത്യത്തെ തകര്‍ക്കും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഈ നിലപാടുകള്‍ ജനാധിപത്യത്തിന് അന്ത്യം കുറിക്കും.”
ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ജനങ്ങള്‍ പാര്‍ട്ടിക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുങ്ങി ഇരിക്കാനാണ് ജനങ്ങള്‍ പറയുന്നതെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സിന്‍ഹ അഭിനന്ദനം അറിയിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രണ്ടിടത്തും എസ്.പി വിജയിച്ചു.
യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലെയും തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജിവച്ചതിനെ തുടര്‍ന്നാണ് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.