| Monday, 5th June 2023, 8:18 pm

ഇന്ത്യന്‍ താരങ്ങളെ കൊച്ചാക്കി മുന്‍ ഓസീസ് താരം; പൊരിച്ച് അക്രമും രവിശാസ്ത്രിയും

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ചാനല്‍ ചര്‍ച്ചകളില്‍ ഇന്ത്യന്‍ ടീമിനെ വിലകുറച്ച് കണ്ട മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശം വിവാദമായി. ഐ.സി.സിക്ക് വേണ്ടി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷൂട്ട് ചെയ്ത ചര്‍ച്ചയിലാണ് പോണ്ടിങ്ങിന് പണി കിട്ടിയത്. ഐ.പി.എല്ലിലെ മത്സരാധിക്യം കാരണം തളര്‍ന്നും ആടിക്കുഴഞ്ഞും വരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിന് അനുഗ്രഹമാകുമെന്നാണ് പോണ്ടിങ് പറഞ്ഞത്.

‘2021-22 സീസണിന്റെ അവസാനത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ കംഗാരുപ്പടയാണ് ഒന്നാമതെത്തിയത്. എന്നാലും ഇന്ത്യ-ഓസീസ് ഫൈനല്‍ തുല്യ ശക്തികളുടെ പോരാട്ടമാകുമെന്നതില്‍ സംശയമില്ല.

മത്സര തയ്യാറെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഐ.പി.എല്‍ സീസണിന് ശേഷം ഇന്ത്യന്‍ കളിക്കാര്‍ ക്ഷീണിതരാണ്. ഓസീസ് താരങ്ങള്‍ എന്നാല്‍ ഉന്മേഷത്തോടെയാകും ഫൈനലിനെത്തുക,’ പോണ്ടിങ് വിശദീകരിച്ചു.

എന്നാല്‍ ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ രവി ശാസ്ത്രി, വസീം അക്രം എന്നിവര്‍ പോണ്ടിങിന്റെ ഈ പ്രസ്താവനയെ പൊളിച്ചടുക്കി. ലോക ടെസ്റ്റ് ഫൈനലിന് മുന്നോടിയായി കളിക്കാനിറങ്ങുമ്പോള്‍ ഫോര്‍മാറ്റ് നോക്കാതെ മത്സരം പരിചയം നേടുന്നതാണ് തനിക്ക് പ്രധാനമെന്ന് പാക് ഇതിഹാസതാരം വസീം അക്രം പറഞ്ഞു.

‘ഓസ്‌ട്രേലിയ തന്നെയാണ് തന്റെ ഫേവറിറ്റ്‌സ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു ടൂര്‍ണമെന്റ് കളിക്കുന്നത് പ്രധാനമാണ്. അത് ഐ.പി.എല്‍ ആണെങ്കില്‍ പോലും ഞാന്‍ അത് കളിക്കും,’ അക്രം പറഞ്ഞു.

മാച്ച് ഫിറ്റ്‌നെസ് മത്സരങ്ങളില്‍ ഇത്തരം സമയങ്ങളില്‍ സഹായകരമാണെന്നും മുഹമ്മദ് ഷമിയെ പോലൊരു താരം ഐ.പി.എല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് ഒക്കെ വാങ്ങി വരുന്നത് ഓസീസിന് വെല്ലുവിളി തന്നെയാണെന്ന് രവി ശാസ്ത്രി പറഞ്ഞു.

‘മാച്ച് പ്രാക്ടീസുള്ള താരത്തിന് കൃത്യമായ സ്ഥലങ്ങളില്‍ പന്തെറിയാനുള്ള കണിശത കൂടും. അക്രം പറഞ്ഞത് പോലെ മാച്ച് പ്രാക്ടീസ് വേണം. അല്ലാതെ ഗ്രൗണ്ടില്‍ ആറ് മണിക്കൂര്‍ മുമ്പ് മാത്രം ഫ്രഷായി വന്നിട്ട് കാര്യമില്ല,’ രവി പറഞ്ഞു.

Content Highlights: Shastri, Akram roast Ponting before ind-aus test final

We use cookies to give you the best possible experience. Learn more