| Friday, 16th March 2018, 11:38 pm

തളിപ്പറമ്പിന്റെ ജലസംഭരണിയെ കല്ലിട്ടുമൂടരുത്; കീഴാറ്റൂര്‍ സമരത്തിനു പിന്തുണയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

അലി ഹൈദര്‍

ബൈപ്പാസ് നിര്‍മ്മാണത്തിനായി കീഴാറ്റൂര്‍-കൂവോട് നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പിന്തുണയേകുന്ന നിലപാടുമായി ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത്. കീഴാറ്റൂര്‍ തളിപ്പറമ്പിന്റെ ജലസംഭരണിയാണെന്നും അതിനെ കല്ലിട്ടുമൂടരുതെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി.

ദേശീയപാതാ വികസനത്തിന്റെ പേരില്‍ കീഴാറ്റൂര്‍ വയല്‍ മണ്ണും കല്ലും സിമന്റും ഇട്ട് നശിപ്പിക്കുന്നത് തലമുറകളെ ദ്രോഹിക്കുന്ന നടപടിയാണ്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വികസിപ്പിച്ച് നാലുവരിയാക്കലാണ് പാരിസ്ഥിതികാഘാതം കുറച്ച് പാതവികസനം സാധ്യമാകാനുള്ള മാര്‍ഗമെന്നും പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുന്നൂറ്റി അമ്പതോളം ഏക്കര്‍ വയല്‍ പൂര്‍ണമായും ഏറ്റെടുത്ത് നികത്താനാണ് സര്‍ക്കാരിന്റെ നീക്കം. സി.പി.ഐ.എം പ്രവര്‍ത്തകരില്‍ ചിലരുടെ നേതൃത്വത്തിലാണ് വയല്‍ക്കിളികള്‍ എന്ന സംഘടന രൂപീകരിച്ച് വയല്‍ സംരക്ഷണത്തിന് ഇറങ്ങിയതെങ്കിലും ഇവരെ പിന്നീട് സി.പി.ഐ.എം പുറത്താക്കിയിരുന്നു. വയല്‍ ഏറ്റെടുക്കാതെ തന്നെ ബൈപ്പാസ് നിര്‍മ്മിക്കാമെന്നാണ് വയല്‍ക്കിളികള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുക എന്ന തീരുമാനവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സര്‍ക്കാരും ദേശീയ പാത അതോറിറ്റിയും. ഇതില്‍ പ്രതിഷേധിച്ചു ആത്മഹത്യാ സമരമുറയുമായി എത്തിയ സമരക്കാരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാരിസ്ഥിതിഘാതമില്ലാതെ എങ്ങനെ വികസനം സാധ്യമാക്കാം എന്ന ബദല്‍ സാധ്യത പരിഷത്ത് മുന്നോട്ട് വെക്കുന്നത്.

Image result for KEEZHATTUR

പരിഷത്തിന്റെ പഠനറിപ്പോര്‍ട്ടില്‍നിന്ന്

തളിപ്പറമ്പ് മുനിസിപ്പല്‍ പ്രദേശത്തെ ഏക വയല്‍പ്രദേശമാണ് കീഴാറ്റൂരിലേത്, 250 ഏക്കര്‍. കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍ പാടശേഖരസമിതികളിലായി 400ല്‍പ്പരം കര്‍ഷകരാണുള്ളത്. വെള്ളക്കെട്ടുള്ളതിനാല്‍ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാം വിള കൃഷി കഴിഞ്ഞ മൂന്നാലുവര്‍ഷമായി കൃത്യമായി ഭൂരിഭാഗം കര്‍ഷകരും ചെയ്യുന്നു. അടുത്ത വിളയായി പച്ചക്കറിയും. മുനിസിപ്പല്‍ പ്രദേശത്തെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമാണിത്. കീഴാറ്റൂര്‍ എന്ന പേര് വന്നതിനു കാരണവും അതാണ്.

വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍നിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോല്‍ നീര്‍ത്തടത്തിലെ പ്രധാന ഭാഗമാണിത്. വര്‍ഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തില്‍ മിക്കഭാഗത്തും വെള്ളം കെട്ടിനില്‍ക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരുകരകളിലും കിണറുകളില്‍ വെള്ളമെത്തിക്കുന്നത്. സവിശേഷമായ ഭൂപ്രകൃതിമൂലം ജലസസ്യങ്ങളാലും ജലജീവികളാലും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിര്‍മിതികള്‍ വരുന്നത് ഈ വയല്‍പ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും.

പാതയ്ക്കുമാത്രമായി 19 ഹെക്ടര്‍ വയല്‍ നികത്തുമെന്നാണ് അതോറിറ്റി പറയുന്നത്. എന്നാല്‍ ആകെയുള്ള 100 മീറ്റര്‍ വീതിയില്‍ 60 മീറ്ററോളം നികത്തപ്പെട്ടാല്‍ ബാക്കി വയല്‍പ്രദേശം അപ്രത്യക്ഷമാവും. മിക്കവാറും വെള്ളക്കെട്ടുള്ള ഇരുഭാഗത്തെക്കാള്‍ ഏറെ താഴ്ന്ന ഈ പ്രദേശത്ത് അഞ്ചു കിലോമീറ്ററോളം ഗതാഗതയോഗ്യമായ പാത തീര്‍ക്കാന്‍ വന്‍തോതില്‍ മണ്ണും കല്ലും നിക്ഷേപിക്കേണ്ടിവരും. അതിന്റെ അളവും ഏറെ ഭീമമായിരിക്കും. ഇതിനായി പ്രത്യേകിച്ച് കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടിവരും.

Image result for KEEZHATTUR

പരിഷത്ത് മുന്നോട്ടുവെക്കുന്ന വഴി:

നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വീതികൂട്ടുകയും നഗരഭാഗത്ത് ചിറവക്ക് മുതല്‍ തൃച്ചംബരം വരെ ഒരു ഫ്ളൈ ഓവര്‍ സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്നം ഏറ്റവും കുറഞ്ഞ സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് കീഴാറ്റൂര്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണം ദേശീയപാതാ അതോറിറ്റി തീരുമാനിച്ചതെങ്കില്‍ അതിന്റെ ശാസ്ത്രീയത ബോധ്യപ്പെടുത്താന്‍ അവര്‍ ബാധ്യസ്ഥരാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഹൈവേ അതോറിറ്റിയും പരിഗണിച്ച സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വശങ്ങള്‍ എന്തെന്നും അതിനവര്‍ കാണുന്ന പരിഹാരമെന്തെന്നും അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. വീടോ ഭൂമിയോ നഷ്ടപ്പെടുന്നവര്‍ മാത്രമല്ല ഇവിടത്തെ പൊതുസമൂഹവും അക്കാര്യങ്ങളറിയണം.

സാധ്യതകളും ബദല്‍ നിര്‍ദേശങ്ങളും

രണ്ട് സാധ്യതകളാണ് ഹൈവേ അതോറിറ്റി പരിശോധിച്ചത്. കുറ്റിക്കോല്‍ മുതല്‍ കൂവോട് പ്ലാത്തോട്ടം- മാന്ധംകണ്ട് വഴി കുപ്പം വരെയും കുറ്റിക്കോല്‍- കൂവോട്- കീഴാറ്റൂര്‍ വഴി കുപ്പം വരെയും

എന്നാല്‍ നിലവിലുള്ള ഹൈവേയും വികസിപ്പിച്ചുകൊണ്ടുളള സാധ്യതയും പരിശോധിക്കപ്പെടണമെന്നാണ് പരിഷത്ത് അഭിപ്രായപ്പെടുന്നത്.

കൂറ്റിക്കോല്‍- പ്ലാത്തോട്ടം- കുപ്പം

5.47 കി.മി നീളമുള്ള റോഡായിരിക്കുമിത്. റോഡു നിര്‍മ്മാണത്തിന് ആകെ ഏറ്റെടുക്കേണ്ട 26.17 ഹെക്ടര്‍ ഭൂമിയില്‍ 17.48 ഹെക്ടര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള കരഭൂമിയാണ്. കുറ്റിക്കോല്‍ മാന്ധംകണ്ട് ഭാഗങ്ങളിലുള്ള 8.19 ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തേണ്ടി വരും. ജനവാസമുളള പ്രദേശങ്ങളില്‍ കൂടി കടന്നുപോകുന്നതിനാല്‍ വീടുകളും കെട്ടിടങ്ങളും ഏറെയും പൊളിച്ചുനിക്കേണ്ടി വരിക ഈ അലൈന്‍മെന്റിലാണ്. 116 വീടുകളും 4 വ്യാപാര സ്ഥാപനങ്ങളും, ഭൂമി നഷ്ടപ്പെടുന്നതും കിടപ്പാടം മാറ്റുന്നതും പ്രദേശവാസികളുടെ എതിര്‍പ്പ് വിളിച്ച് വരുത്തിയേക്കാം. എന്നാല്‍ അത്തരത്തിലുള്ള സംഘടിത എതിര്‍പ്പുകള്‍ ഒന്നും സര്‍വേ നടക്കുന്ന ഘട്ടത്തില്‍ ഉണ്ടായിട്ടില്ല. ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും വേണ്ട ചെലവുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മ്മാണം് സാധ്യമാക്കുക ഈ അലൈന്‍മെന്റ് പ്രകാരമാണ്.

കൂറ്റിക്കോല്‍- കൂവോട്- കീഴാറ്റൂര്‍

ഇപ്പോള്‍ ഹൈവേ അതോറിറ്റി അംഗീകരിച്ച് ആദ്യ വിജ്ഞാപനം ഇറക്കിയ അലൈന്‍മെന്റ് ഇതാണ്. ജനവാസം കുറഞ്ഞ പ്രദേശത്തുകൂടി കടന്നു പോകുന്നു എന്നതാണിതിന്റെ മേന്മ. 6 കി.മി നീളം വരും. അതായത് നിലവിലുള്ള ഹൈവെ, ആദ്യം നിര്‍ദേശിച്ച പാത ഇവയേക്കാള്‍ 0.50 കി.മീ കൂടുതലാണ്. 29.11 ഹെക്ടര്‍ഭൂമി ഏറ്റെടുക്കണം. അതില്‍ 21.09 ഹെക്ടറും വയല്‍പ്രദേശമോ മറ്റ് തണ്ണീര്‍ത്തടമോ ആണ്. 7.22 ഹെക്ടര്‍ ആണ് ഏറ്റെടുക്കേണ്ട പുരയിടം. 30 വീടുകളും 4 വ്യാപാരസ്ഥാപനങ്ങളും 4 ഷെഡ്യൂളുകളുമാണ് പൊളിച്ചു നിക്കേണ്ടത്. കടന്നുപോകുന്ന ഭാഗത്തിലേറെയും തണ്ണീര്‍തടങ്ങളാണ്. എന്നതാണ് ഈ അലൈന്‍മെന്റിന്റെ മുഖ്യസവിശേഷത. കുറ്റിക്കോല്‍ ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ വയല്‍ വളരെ വീതികുറഞ്ഞതിനാല്‍ അവിടങ്ങളിലെ കൂവോട്- കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകും.

തളിപ്പറമ്പ് കൂവോട് പ്ലാത്തോട്ടം പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളം ഒഴുകിയെത്തുകയും സംഭരിക്കുകയും ചെയ്യുന്നതാണീ വയലുകള്‍. വടക്കും കിഴക്കും പടിഞ്ഞാറുമുള്ള ഉയരം കൂടിയ കുന്നിന്‍ പ്രദേശത്തു നിന്നുമുള്ള വെള്ളം കൂടി ഈ വയലുകളില്‍ ആണ് ഒഴുകിയെത്തുന്നത്. അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പഠനവിധേയമാക്കേണ്ട കാര്യം.

മഴക്കാലത്ത് ഈ പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണ്ണമായി തന്നെ കുറ്റിക്കോല്‍ പുഴയിലേക്ക് ഒഴുക്കുകയാണോ ചെയ്യുക? അതിനുള്ള സംവീധാനം എന്തൊക്കെയായിരിക്കും? വെള്ളം പൂര്‍ണ്ണമായി പുഴയിലേക്ക് ഒഴുകി കളയുകയാണെങ്കില്‍ ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളിലേയും വാട്ടര്‍ ടേബിളില്‍ എന്ത് വിത്യാസം വരും? വയല്‍ നികത്തപ്പെടുന്നത് ഈ പ്രദേശത്തെ ജലസമൃദ്ധിയെ എങ്ങനെ ബാധിക്കും? എന്നീ കാര്യങ്ങള്‍ വിശദമായി തന്നെ പഠന വിധേയമാക്കേണ്ടതുണ്ട്.

പരിഷത്ത് മുന്നോട്ടുവെക്കുന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍

മുന്നോട്ട് വെക്കുന്ന രണ്ട് അലൈന്‍മെന്റുകള്‍ കുടിയൊഴിപ്പിക്കലിന്റെയും കൃഷിഭൂമി നഷ്ടമാകുന്നതിന്റേയും പേരില്‍ പ്രദേശികമായ എതിര്‍പ്പുകളെ നേരിടുന്നു. രണ്ടാമത്തെത് അവക്ക് പുറമെ കടുത്ത പാരിസ്ഥിതിഘാതവും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഹൈവേ തന്നെ വീതി കൂട്ടി നഗരഭാഗത്ത് ഒരു ഫ്‌ളൈ ഓവറിന്റെ സാധ്യത പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്.

ഹൈവേക്ക് 1975 ല്‍ ഭൂമി അക്വയര്‍ ചെയ്തിട്ടുള്ളത് 30 മീറ്റര്‍ വീതിയിലാണ്. തളിപ്പറമ്പ് നഗരത്തില്‍ തന്നെ 20-30 മീറ്റര്‍ വീതിയില്‍ ഇപ്പോള്‍ റോഡുണ്ട്. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹുല്ല്യമാണ് അവിടെ വീതികൂട്ടുന്നതിന് തടസ്സം. എന്നാല്‍ നഗരത്തിരക്ക് ആരംഭിക്കുന്ന ഏഴാം മൈല്‍ മുതല്‍ ലൂര്‍ദ് ഹോസ്പിറ്റല്‍ സമീപം വരെ 10 മീറ്റര്‍ വീതിയില്‍ ഒരു ഫ്‌ളൈ ഓവര്‍ തീര്‍ത്താല്‍ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം വളരെ കുറക്കാനാകും. താഴെയും മുകളിലും രണ്ടുവരി വീതം പാതകളായി, ഫ്‌ളൈ ഓവറും നിലവിലുള്ള പാതയെയും ഉപയോഗപ്പെടുത്താം. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഈ വിധമാണ് ഗതാഗത വികസനം നടക്കുന്നത്. ജനസാന്ദ്രത കൂടിയ കേരളമാകെ നഗര സമാനമാകുന്ന ഈ ഘട്ടത്തില്‍ ഈ വിധത്തില്‍ മുകളിലോട്ടുള്ള വികസനം എന്നത് ഗൗരവമായി പരിഗിക്കാവുന്നതാണ്.

നവീകരിക്കുന്ന 5.50 കി.മി ഹൈവേയില്‍ 2.1 കീ.മീറ്ററാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കേണ്ടി വരിക. ഹൈവേ വികസനത്തിനായി 10.33 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരികയുള്ളു. 30 വീടുകള്‍ മാത്രമാണ് നഷ്ടമാവുക. 39 വാണിജ്യ സ്ഥാപനങ്ങളും ഇതില്‍ 24 കെട്ടിടങ്ങളും 13 വീടുകളും 50 വര്‍ഷത്തിനും മീതെ പഴക്കമുള്ളവയാണ്. നഗരവികസനത്തിന്റെ ഭാഗമായി ഇത്തരം പൊളിച്ചുമാറ്റലും പുനരധിവാസവും സാധാരണമായ സംഗതിയാണ്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ വലിയ എതിര്‍പ്പില്ലാതെ റോഡ് വികസനം സാധ്യമാക്കാവുന്നതാണ്. കട നഷ്ടപ്പെടുന്നവര്‍ക്കായി നഗരസഭ തന്നെ ഷോപ്പിഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചുകൊടുക്കുന്ന കാര്യം പരിഗണിക്കുക.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more